Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

2020 മുതലുള്ള കോലിയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ വെറും ശരാശരിയില്‍ ഒതുങ്ങുന്നതാണ്

Virat Kohli
രേണുക വേണു| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (12:06 IST)
Virat Kohli

Virat Kohli: ടെസ്റ്റ് ഫോര്‍മാറ്റില്‍ വീണ്ടും നിരാശപ്പെടുത്തി വിരാട് കോലി. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ആറ് റണ്‍സെടുത്ത് കോലി കൂടാരം കയറി. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായതിനു പിന്നാലെയാണ് കോലി ക്രീസിലെത്തിയത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായതിനാല്‍ അതീവ ശ്രദ്ധയോടെ ബാറ്റ് ചെയ്യേണ്ടിയിരുന്ന കോലി ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇതോടെ ആരാധകരും കലിപ്പിലായി. സോഷ്യല്‍ മീഡിയയില്‍ കോലിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.

2020 മുതലുള്ള കോലിയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ വെറും ശരാശരിയില്‍ ഒതുങ്ങുന്നതാണ്. 2020 ജനുവരി മുതല്‍ ഇന്നുവരെ 51 ഇന്നിങ്‌സുകള്‍ കോലി കളിച്ചു. 33.04 ശരാശരിയില്‍ നേടിയിരിക്കുന്നത് 1652 റണ്‍സ് മാത്രമാണ്. കോലിയുടെ അവസാന 20 ടെസ്റ്റ് ഇന്നിങ്‌സുകള്‍ പരിശോധിച്ചാല്‍ സമീപകാലത്തൊന്നും അതിശയിപ്പിക്കുന്ന പ്രകടനം നടത്താന്‍ താരത്തിനു സാധിച്ചിട്ടില്ല.

അവസാന 20 ഇന്നിങ്‌സുകളില്‍ രണ്ട് സെഞ്ചുറികള്‍ മാത്രമാണ് കോലി നേടിയിരിക്കുന്നത്. രണ്ട് അര്‍ധ സെഞ്ചുറികളും ഈ കാലയളവില്‍ സ്‌കോര്‍ ചെയ്തു. എട്ട് മാസങ്ങള്‍ക്കു ശേഷമാണ് കോലി ടെസ്റ്റ് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വരാനിരിക്കെ കോലിയുടെ ഫോം ഔട്ട് ടീം ഇന്ത്യയെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരായി നടന്ന ഏകദിന പരമ്പരയിലും കോലി റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 58 റണ്‍സാണ് കോലി ശ്രീലങ്കയ്‌ക്കെതിരെ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :