അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (15:55 IST)
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത
യുഎഇ ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടക്കുകയായിരുന്നു. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവംശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും ഇന്ത്യയ്ക്കായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് ഓപ്പണര്‍മാര്‍ നടത്തിയത്. ആദ്യ 2 കളികളില്‍ തിളങ്ങാനാവാതെ പോയ വൈഭവ് സൂരവംശി 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 38 പന്തിലാണ് ആയുഷ് ആത്രെയുടെ അര്‍ധസെഞ്ചുറി. 12 ഓവറില്‍ 100 കടന്ന ഇന്ത്യ പതിനേഴാം ഓവറില്‍ തന്നെ വിജയം അടിച്ചെടുത്തു.
ഐപിഎല്‍ താരലേലത്തില്‍ 1.10 കോടി മുടക്കി 13കാരനായ വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചിരുന്നു. അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഒരു റണ്‍സിനും രണ്ടാം മത്സരത്തില്‍ 23 റണ്‍സിനും വൈഭവ് പുറത്തായിരുന്നു. യുഎഇക്കെതിരെ 6 സിക്സും 3 ഫോറും സഹിതമാണ് വൈഭവ് 46 പന്തില്‍ 76 റണ്‍സടിച്ചത്. 4 ഫോറും 4 സിക്സും പറത്തിയാണ് ആയുഷ് മാത്രെ 51 പന്തില്‍ 67 റണ്‍സടിച്ചത്.