രേണുക വേണു|
Last Modified ശനി, 7 ജനുവരി 2023 (13:16 IST)
Usman Khawaja: ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെതിരെ ക്രിക്കറ്റ് ആരാധകര്‍. ഓസീസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജയ്ക്ക് ഇരട്ട സെഞ്ചുറി നേടാനുള്ള അവസരം നഷ്ടമാക്കിയതാണ് കമ്മിന്‍സിനെതിരായ പ്രതിഷേധത്തിനു കാരണം. ഇന്ത്യയില്‍ നിന്നുള്ള ആരാധകര്‍ അടക്കം ട്വിറ്ററില്‍ കമ്മിന്‍സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് ഓസീസ് നായകന്‍ പുലിവാല് പിടിച്ചത്. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഉസ്മാന്‍ ഖവാജ ഇരട്ട സെഞ്ചുറിക്ക് തൊട്ടരികില്‍ ആയിരുന്നു.
ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറിയാണ് ഖവാജയ്ക്ക് പാറ്റ് കമ്മിന്‍സിന്റെ ഡിക്ലയര്‍ തീരുമാനം കാരണം നഷ്ടമായത്. ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സ് നേടി നില്‍ക്കുമ്പോഴാണ് പാറ്റ് കമ്മിന്‍സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ആ സമയത്ത് ഖവാജയ്ക്ക് ഇരട്ട സെഞ്ചുറി നേടാന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് റണ്‍സ് മാത്രം. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 368 പന്തുകളില്‍ നിന്ന് 19 ഫോറിന്റേയും ഒരു സിക്‌സിന്റെയും സഹായത്തോടെ 195 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു ഖവാജ. ഞെട്ടലോടെയാണ് ഖവാജ ക്രീസ് വിട്ടത്.
അതേസമയം, നാലാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 149/6 എന്ന നിലയിലാണ്. ഇപ്പോഴും ഓസ്‌ട്രേലിയയുടെ 475 റണ്‍സില്‍ നിന്ന് 326 റണ്‍സ് അകലെയാണ് ദക്ഷിണാഫ്രിക്ക. മൂന്ന് കളികളുടെ പരമ്പരയില്‍ ആദ്യ രണ്ട് കളികളും ജയിച്ച് 2-0 ത്തിനു മുന്നിലാണ് ഓസീസ്.