ഗാലറി തര്‍ക്കം; ചെന്നൈയ്‌ക്ക് ട്വന്റി20 ലോകകപ്പ് വേദി നഷ്‌ടമായേക്കും

ട്വന്റി20 ലോകകപ്പ് , ക്രിക്കറ്റ് ,  ചെപ്പോക്ക് ക്രിക്കറ്റ് സ്‌റ്റേഡിയം , കോര്‍പറേഷന്‍
ചെന്നൈ| jibin| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (14:51 IST)
അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ക്കു വേദിയാകാനുള്ള അവസരം ചെന്നൈയ്‌ക്കു നഷ്‌ടമായേക്കും. ചെപ്പോക്ക് എംഎ ചിദംബരം ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ മൂന്ന് ഗാലറികള്‍ സംന്ധിച്ച പ്രശ്‌നം ഇതുവരെ പരിഹരിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായി തീരുന്നത്.

കോര്‍പറേഷന്റെയും സിഎംഡിഎയുടെയും അനുമതി ഇല്ലാതെ മൂന്ന് ഗാലറികള്‍ നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിനെ തുടര്‍ന്ന് 2012ല്‍ കോര്‍പറേഷന്‍ ഐ, ജെ, കെ എന്നീ മൂന്നു ഗാലറികള്‍ മുദ്രവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഈ ഗാലറികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് ചെന്നൈ കോര്‍പറേഷന്‍ വിലക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ആളില്ലാത്ത ഗാലറിക്ക് മുന്നില്‍ ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ ഇന്റെര്‍ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ഐസിസി) താല്‍പ്പര്യമില്ല. കാണികളെ പ്രവേശിപ്പിക്കാത്തതുകൊണ്ടുള്ള സാമ്പത്തിക നഷ്‌ടം മാത്രമല്ല കാരണമായി പറയുന്നത്. ടെലിവിഷന്‍ സംപ്രേഷണത്തില്‍ ഒഴിഞ്ഞ ഗാലറികള്‍ക്കു മുന്നില്‍ മത്സരങ്ങള്‍ നടക്കുന്നതായി വ്യക്തമായാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഐസിസി പ്രതീക്ഷിക്കുകയും ചെയ്യുന്നു.

2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്നുവരെ നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്. മൊത്തം 35 മത്സരങ്ങളാണ് നടക്കുക. ലോകകപ്പ് വേദികള്‍ ഏതെക്കെയെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചെന്നൈയിലേക്ക് മത്സരം കൊണ്ടുവരണമോ എന്ന കാര്യം ചര്‍ച്ചയാകുമെന്ന് ഉറപ്പായി. ഗാലറികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പ് വേദികളുടെ പട്ടികയില്‍ ചെന്നൈ ഉണ്ടാകില്ല. ജൂണ്‍ അവസാനവാരം ബാര്‍ബഡോസില്‍ നടക്കുന്ന ഐസിസി ബോര്‍ഡ് യോഗമാണു ലോകകപ്പിന്റെ വേദികള്‍ക്ക് അന്തിമ അനുമതി നല്‍കുന്നത്.

മൂന്ന് ഗാലറികള്‍ക്കായി അനുമതി നേടാനായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കോര്‍പറേഷന്‍ ഈ കാര്യത്തില്‍ വിട്ടു വീഴ്‌ചയ്‌ക്ക് തയാറാകുന്നില്ല. 2012ല്‍ കോര്‍പറേഷന്‍ ഗാലറികള്‍ മുദ്രവെച്ചതോടെ 2014ലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മാച്ചുകള്‍ റാഞ്ചിയിലേക്ക് മാറ്റുകയുമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :