അഭിറാം മനോഹർ|
Last Modified ശനി, 12 ഡിസംബര്‍ 2020 (16:06 IST)
ഇന്ത്യയും ഓസീസും തമ്മിലുള്ള
വാശിയേറിയ ടെസ്റ്റ് പരമ്പരയ്‌ക്ക് ഈ മാസം 17ന് അഡലെയ്‌ഡിൽ തുടക്കം കുറിക്കുകയാണ്. എക്കാലവും ഏറെ വാശിയോടെയാണ് ഇരു ടീമുകളും പരമ്പരയ്‌ക്കായി പോരാടിയിട്ടുള്ളത്. വീണ്ടും ഒരു ടെസ്റ്റ് പരമ്പര കൂടെ അടുത്തെത്തുമ്പോൾ ഇന്ത്യാ ഓസീസ് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
ടെസ്റ്റിൽ ഓസീസിനെതിരെ 3630 റൺസുമായി ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 55 റൺസ് ശരാശരിയിൽ 11 സെഞ്ചുറികളുടക്കമാണ് സച്ചിന്റെ നേട്ടം. 2004ല്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ പുറത്താവാതെ നേടിയ 241 റണ്‍സാണ് കംഗാരുപ്പടയ്‌ക്കെതിരേ സച്ചിന്റെ ഏറ്റവും മികച്ച പ്രകടനം.
ഓസീസിന്റെ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ രണ്ടാമത്. 29 ടെസ്റ്റിൽ 54.36 ശരാശരിയിൽ 2555 റൺസാണ് പോണ്ടിങ് നേടിയത്. ഇതിൽ 8 സെഞ്ചുറികൾ ഉൾപ്പെടുന്നു.2003ല്‍ നടന്ന ടെസ്റ്റില്‍ നേടിയ 257 റണ്‍സാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ പോണ്ടിങിന്റെ ഉയര്‍ന്ന സ്‌കോര്‍.
2434 റൺസോടെ ഇന്ത്യയുടെ വിവിഎസ് ലക്ഷ്‌മണാണ് പട്ടികയിൽ മൂന്നമതായുള്ളത്. 49.67 ശരാശരിയിൽ 6 സെഞ്ചുറികളും 12 ഫിഫ്‌റ്റികളും അടക്കമാണ് ലക്ഷ്‌മണിന്റെ നേട്ടം. ഈഡൻ ഗാർഡൻസിൽ ഓസീസിനെതിരെ നേടിയ 281 ആണ് താരത്തിന്റെ ഉയർന്ന സ്കോർ.
2143 റൺസുമായി ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് രാഹുൽ ദ്രാവിഡാണ് പട്ടികയിൽ നാലാമതുള്ളത്.39.68 ശരാശരിയില്‍ 2143 റണ്‍സാണ് ഓസീസിനെതിരേ ദ്രാവിഡ് നേടിയത്.
2049 റൺസുമായി മുൻ ഓസീസ് നായകൻ മൈക്കൽ ക്ലർക്കാണ് പട്ടികയിൽ അഞ്ചാമതുള്ളത്. 22 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 53.92 ശരാശരിയിൽ 7 സെഞ്ചുറികൾ ഉൾപ്പടെയാണ് ക്ലർക്കിന്റെ പ്രകടനം. ഇന്ത്യക്കെതിരെ ഒരു ട്രിപ്പിൾ സെഞ്ചുറിയും താരം സ്വന്തമാക്കിയിട്ടുണ്ട്.