ധോണിയുടെ വിലയറിഞ്ഞ നിമിഷം; രോഹിത്തിനെ നാണം കെടുത്തിയ തോല്‍‌വിയുടെ കാരണങ്ങള്‍ ഇത്

  Rohit Sharma , ms dhoni , team india , cricket , kohli , new zealand vs india , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ , ടീം ഇന്ത്യ , ക്രിക്കറ്റ് , ധോണി
ഹാമില്‍‌ട്ടന്‍| Last Modified വ്യാഴം, 31 ജനുവരി 2019 (16:10 IST)
വിരാട് കോഹ്‌ലിയുടെ അഭാവവും, തന്റെ ഇരുനൂറാം ഏകദിനത്തില്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യവും. സമ്മര്‍ദ്ദവും അതിനൊപ്പം സന്തോഷവും പകരുന്ന ദിവസമായിരുന്നു രോഹിത് ശര്‍മ്മയ്‌ക്ക്. എന്നാല്‍ ഹാമില്‍‌ട്ടന്‍ ഹിറ്റ്‌മാന് നല്‍കിയത് ഒരു ദുരന്ത ദിനമായിരുന്നു.

92 റണ്‍സിന് ഇന്ത്യന്‍ ബാറ്റിംഗ് നിര തകരുകയെന്നത് ആരിലും അത്ഭുതം തോന്നിപ്പിക്കും. മുന്‍ താരങ്ങളായ മൈക്കല്‍ വോണും മാര്‍ക് വോയും ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ന്യൂസിലന്‍ഡിനെ നാണം കെടുത്തി വിട്ടതിനു പിന്നാലെയാണ് നാലാം മത്സരത്തില്‍ ടീം തകര്‍ന്നടിഞ്ഞത്. രോഹിത്തിന്റെ ക്യാപ്‌റ്റന്‍സിക്ക് കോട്ടമുണ്ടാക്കിയ ഈ തിരിച്ചടിക്ക് പല കാരണങ്ങളുണ്ടായിരുന്നു.

ടോസിന്റെ ഭാഗ്യം കിവിസിനെ തേടിയെത്തിയതാണ് ഇന്ത്യക്ക് ആദ്യ തിരിച്ചടിയായത്. തുടക്കത്തില്‍ വിക്കറ്റ് നഷ്‌ടമായെങ്കിലും ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ആരും തയ്യാറാകാതിരുന്നത് തകര്‍ച്ചയുടെ ആക്കം കൂട്ടി. മധ്യനിരയുടെ കഴിവില്ലായ്‌മയും ഇതോടെ വ്യക്തമായി.

പ്രതിസന്ധികളില്‍ നിന്നും ടീമിനെ കരകയറ്റുന്ന മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി എന്നിവരുടെ അഭാവം ടീമിനെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഉത്തമ ഉദ്ദാഹരണമായിരുന്നു നാലം ഏകദിനം. ഇരുവരും ഒരുമിച്ച് കരയ്‌ക്കിരുന്നാല്‍ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ടീമില്‍ ഇല്ലെന്ന് വ്യക്തമായി.

പിച്ചിലെ ഈര്‍പ്പം മുതലെടുത്ത് പന്തെറിഞ്ഞ ട്രെന്റ് ബോള്‍ട്ടിനെയും കോളിൻ ഡി ഡ്രാന്‍ഡ്‌ ഹോമിനെയും
ക്ഷമയോടെ നേരിടാന്‍ ശിഖര്‍ ധവാനടക്കമുള്ളവര്‍ക്ക് കഴിഞ്ഞില്ല. പന്തിന്റെ ഗതി മനസിലാക്കി ബാറ്റ് വീശുന്നതില്‍ ഒരിക്കല്‍ കൂടി രോഹിത് പരാജയപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളില്‍ നിലയുറപ്പിക്കുന്നതിനു പകരം വമ്പന്‍ ഷോട്ട് കളിച്ച് പുറത്താകുന്ന രീതി അമ്പാട്ടി റായുഡു ഇന്നും ആവര്‍ത്തിച്ചു.

പുതുമുഖത്തിന്റെ ആശങ്കകളൊന്നുമില്ലാതെ ക്രീസില്‍ നിന്നെങ്കിലും മറുവശത്തെ വിക്കറ്റ് വീഴ്‌ച ശുഭ്‌മാന്‍ ഗില്ലിനെ ഭയപ്പെടുത്തി. ഹാമില്‍‌ട്ടണിലെ കാറ്റും അതിനൊപ്പം ന്യൂ ബോള്‍ നേരിടുന്നതിലെ പരിചയക്കുറവുമാണ് ദിനേഷ് കാര്‍ത്തിക്കിനും കേദാര്‍ ജാദവിനും വിനയായത്. ഹാര്‍ദ്ദിക് പാണ്ഡ്യയയില്‍ നിന്നും മോശമല്ലാത്ത ഇന്നിംഗ്‌സ് രോഹിത് പ്രതീക്ഷിച്ചുവെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.

കോഹ്‌ലി കൂടെ ഇല്ലെങ്കിലും ധോണി ഒപ്പമുണ്ടായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന വിലയിരുത്തലും
ശക്തമാണ്. ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ മികച്ച പ്രകടനം തുടരുന്ന ധോണിയുടെ അസാന്നിധ്യം ടീമില്‍ നിഴലിച്ചുവെന്ന് മുന്‍ താരങ്ങളും വ്യക്തമാക്കി. അതേസമയം, നാണം കെട്ട തോല്‍‌വിക്ക് അഞ്ചാം മത്സരത്തില്‍ രോഹിത് കണക്ക് തീര്‍ക്കുമെന്നാണ് ആരാധകരുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :