അഭിറാം മനോഹർ|
Last Modified ഞായര്‍, 15 ഒക്‌ടോബര്‍ 2023 (15:52 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ വമ്പന്‍ പരാജയമാണ് പാകിസ്ഥാന്‍ ടീം ഇന്നലെ നേരിട്ടത്. ലോകകപ്പില്‍ തുടര്‍ന്നുള്ള മുന്നേറ്റത്തില്‍ പാകിസ്ഥാന്‍ ടീമിന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നതാണ് ഈ പരാജയം. മത്സരത്തിന്റെ സമസ്തമേഖലകളിലും ഇന്ത്യ പിടിമുറുക്കിയപ്പോള്‍ പാക് സ്‌കോര്‍ 200 റണ്‍സ് പോലും കടന്നിരുന്നില്ല.
ഇപ്പോഴിതാ പാകിസ്ഥാന്‍ ടീമിന്റെ ഈ ദയനീയമായ പ്രകടനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ നായകനും പാക് ഇതിഹാസ പേസറുമായ വസീം അക്രം. പാക് ടീം പരിശീലകന്‍ മിക്കി ആര്‍തറിനെയാണ് വസീം അക്രം ചോദ്യത്തിന്റെ മുനയില്‍ നിര്‍ത്തൂന്നത്. ഇന്ത്യ പാക് മത്സരശേഷം ഇതൊരു ഐസിസി മത്സരമായി തോന്നിയില്ലെന്നും പകരം ബിസിസിഐ മത്സരമെന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും മിക്കി ആര്‍തര്‍ പറഞ്ഞിരുന്നു. ഈ പ്രതികരണമെല്ലാം അസ്ഥാനത്താണെന്ന് അക്രം പറയുന്നു.
പാകിസ്ഥാന്‍ തോല്‍വിയില്‍ കാണികളുടെ പ്രതികരണത്തെ ഒരു ഒഴികഴിവായി പറയുന്നത് ശരിയല്ല. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്. എനിക്ക് നിങ്ങള്‍ കുല്‍ദീപിനെതിരെ എന്ത് പദ്ധതിയാണ് ആവിഷ്‌കരിച്ചിരുന്നത് എന്നാണ് അറിയേണ്ടത്. ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അതാണ്. അല്ലാതെ ഇത്തരം ബാലിശമായ പ്രതികരണങ്ങളല്ല. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്ന് മനസ്സിലാക്കണം. ഒരു ചാനല്‍ ചര്‍ച്ചക്കിടെ അക്രം പറഞ്ഞു.