രേണുക വേണു|
Last Modified തിങ്കള്‍, 22 ജൂലൈ 2024 (10:59 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേക്ക് എത്തിയത് സഹതാരങ്ങളുടെ നിര്‍ബന്ധത്താലെന്ന് റിപ്പോര്‍ട്ട്. ഡ്രസിങ് റൂം അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് സൂര്യയെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹാര്‍ദിക്കിനെ നായകനാക്കാന്‍ തന്നെയായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാല്‍ സഹതാരങ്ങള്‍ ഹാര്‍ദിക്കിനെതിരെ നിലകൊണ്ടപ്പോള്‍ ബിസിസിഐയ്ക്കും തീരുമാനം മാറ്റേണ്ടിവന്നു.
ഡ്രസിങ് റൂം അഭിപ്രായങ്ങള്‍ കൂടി കേട്ടശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വെളിപ്പെടുത്തി. ' ഇന്ത്യയെ ട്വന്റി 20 ഫോര്‍മാറ്റില്‍ നയിക്കാനുള്ള അര്‍ഹത സൂര്യകുമാറിന് ഉണ്ട്. അദ്ദേഹം വളരെ മികച്ച കളിക്കാരന്‍ കൂടിയാണ്. ഡ്രസിങ് റൂമില്‍ നിന്നും ഞങ്ങള്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചു. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട താരം തന്നെയാണ്. സൂര്യകുമാര്‍ ക്യാപ്റ്റന്‍സിക്ക് യോജിച്ച താരം തന്നെയാണ്,' അഗാര്‍ക്കര്‍ പറഞ്ഞു.
മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയ ശേഷമാണ് പുതിയ നായകനെ തീരുമാനിച്ചത്. ഹാര്‍ദിക്കിനെ നായകനാക്കാമെന്ന് ബിസിസിഐ ഏകപക്ഷീയമായി തീരുമാനിച്ചപ്പോള്‍ സഹതാരങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനം മതിയെന്ന് ഗംഭീറും ചീഫ് സെലക്ടര്‍ അഗാര്‍ക്കറും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി സഹതാരങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞത്. വലിയൊരു ശതമാനം താരങ്ങള്‍ നായകനായി ഹാര്‍ദിക്കിനെ വേണ്ട എന്ന നിലപാടെടുത്തു. ഹാര്‍ദിക്കിന്റെ പെരുമാറ്റ രീതിയോട് താല്‍പര്യക്കുറവുള്ള സഹതാരങ്ങള്‍ ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പാണ്ഡ്യ നായകനായാല്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് വരെ ചിലര്‍ അഭിപ്രായപ്പെട്ടതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂര്യകുമാര്‍ യാദവിനെ നായകനാക്കാന്‍ ബിസിസിഐയും തീരുമാനിച്ചത്.