അഭിറാം മനോഹർ|
Last Modified തിങ്കള്‍, 31 ജൂലൈ 2023 (20:53 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന,ടി20 പര്യടനങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമാകും എന്നതിനാല്‍ സീരീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് യുവതാരങ്ങള്‍ എല്ലാവരും തന്നെ ശ്രമിക്കുന്നത്, കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ നോക്കികാണുന്നതാണ് മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനങ്ങള്‍. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു 9 റണ്‍സിനാണ് പുറത്തായത്. സഞ്ജു നിരാശപ്പെടുത്തിയതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്.
എന്നാല്‍ സഞ്ജുവിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറയുമ്പോള്‍ സഞ്ജുവിന് പൂര്‍ണ്ണമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ സെലക്ടറായ സാബ കരീം. സഞ്ജുവിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നതില്‍ അര്‍ഥമില്ലെന്നും സഞ്ജു അര്‍ഹിച്ച ബാറ്റിംഗ് പൊസിഷനല്ല ടീം അവന് നല്‍കിയതെന്നും സാബ കരീം പറയുന്നു. സഞ്ജുവിനെ ബാറ്റര്‍ എന്നതിനേക്കാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന് വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സഞ്ജുവിന് ടീമില്‍ ഒരു സ്ഥിരം ബാറ്റിംഗ് പൊസിഷന്‍ ലഭിക്കുന്നില്ല. ഇതുവരെ അവന്‍ 4,5 പൊസിഷനുകളിലാണ് കളിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയപ്പോഴാകട്ടെ അവനെ കളിപ്പിച്ചത് മൂന്നാം സ്ഥാനത്താണ്.
കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഈ മികവില്‍ ഇഷാന്‍ ബാറ്റിഗ് തുടര്‍ന്നാല്‍ ഇന്ത്യ അവനെ ഓപ്പണറാക്കുമോ? സാബ കരീം ചോദിക്കുന്നു. ഇത്തരത്തില്‍ ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ടീമിലുണ്ട്. സഞ്ജു മികവ് തെളിയിച്ചത് മധ്യനിരയിലാണ് എന്നാല്‍ പിന്നീട് അവസരം നല്‍കുന്നത് ടോപ് ഓര്‍ഡറിലും ഇത്തരത്തില്‍ അര്‍ഹമായ പൊസിഷനല്ല അവന് ലഭിക്കുന്നത്. സാബ കരീം പറഞ്ഞു.