അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജൂലൈ 2024 (19:19 IST)
ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുന്നതിനൊപ്പം പാകിസ്ഥാന്‍ ടീമിന്റെ ഇന്നത്തെ ദയനീയ അവസ്ഥയേയും വിമര്‍ശിച്ച് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. ഏതൊരു കളിയിലും നായകന്റെ റോള്‍ വളരെ പ്രധാനമാണെന്നും തന്റെ ശരീരഭാഷയിലൂടെ ഒരു നായകന് ടീമിനെ മുന്നില്‍ നിന്നും നയിക്കാനാകണമെന്നും ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയില്‍ നിന്നും പഠിക്കേണ്ടതുണ്ടെന്നും അഫ്രീദി വ്യക്തമാക്കി.
പാകിസ്ഥാന്‍ ടീമിനെ പഴയ മികവിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഗ്രാസ് റൂട്ട് ലെവലില്‍ ക്രിക്കറ്റിനെ മികച്ചതാക്കണം. ടീമിലെ പ്രശ്‌നമെന്താണെന്ന് കണ്ടെത്തി അതിന് പരിഹാരം കണ്ടെത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനാകണം. പുതിയ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുകയും വേണം.ടീം നായകനെ കണ്ടെത്തുന്നതിലും മറ്റും കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനാകണം.
ഒരു നായകന്‍ എങ്ങനെയാകണം എന്ന് നിങ്ങള്‍ രോഹിത് ശര്‍മയെ കണ്ടുപഠിക്കണം. രോഹിത് കളിച്ച ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് നിങ്ങള്‍ നോക്കുക. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ വരുന്ന കളിക്കാര്‍ക്ക് പോലും രോഹിത് കൊടുക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഒരു നായകന്റെ ശരീരഭാഷ ഏറെ പ്രധാനമാണ്. അത് ടീമിന് കൃത്യമായ മാതൃക നല്‍കുന്നതാകണം. പാകിസ്ഥാന്‍ രോഹിത്തില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. ബാബര്‍ അസമിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഷാഹിദ് അഫ്രീദി പറഞ്ഞു.