ഇംഗ്ലീഷ് ബാറ്റിംഗ് തകര്‍ന്നു; കപ്പില്‍ മുത്തമിടാന്‍ വിന്‍ഡീസിന് 156 റണ്‍സ് മാത്രം

ഇംഗ്ലണ്ടിനെ വിന്‍ഡീസ് ബാറ്റിംഗിന് അയക്കുകയായിരുന്നു

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ , വെസ്‌റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് മത്സരം , സാമുവൽ ബദ്രി
കൊൽക്കത്ത| jibin| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (20:36 IST)
ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ വെസ്‌‌റ്റ് ഇന്‍ഡീസിന് 156 റണ്‍സ് മാത്രം. നിശ്ചിത ഓവറില്‍ ഒമ്പത്
വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സ് നേടാന്‍ മാത്രമെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. വിന്‍ഡീസിന്റെ തകര്‍പ്പന്‍ ബോളിംഗിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര തരിപ്പണമാകുകയായിരുന്നു. ആദ്യഓവര്‍ മുതല്‍ വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോള്‍ വിന്‍ഡീസ് മേധാവിത്വം നേടുകയായിരുന്നു. ജോ റൂട്ടിന്റെ (54) പ്രകടനമാണ് ഇംഗ്ലീഷ് നിരയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ച വെസ്റ്റ് ഇൻഡീസ് എട്ടു റൺസിനിടെ ഇംഗ്ലീഷ് ഓപ്പണർമാർ ഇരുവരെയും വീഴ്ത്തി മൽസരത്തിൽ മേധാവിത്തം നേടി. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ കുതിപ്പിന് വഴിയൊരുക്കിയ ജേസൺ റോയി (0), അലക്സ് ഹെയ്‌ൽസ് (1) എന്നിവരാണ് പുറത്തായത്. ജേസൺ റോയിയെ ബോളിങ്ങിന് തുടക്കമിട്ട സാമുവൽ ബദ്രി വീഴ്ത്തിയപ്പോൾ ഹെയ്‌ൽസിനെ റസലിന്റെ പന്തിൽ ബദ്രിതന്നെ ക്യാച്ചെടുത്ത് പുറത്താക്കി.

തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷയും നായകന്‍ ഇയാന്‍ മോര്‍ഗനില്‍ ആയിരുന്നു. എന്നാല്‍, അഞ്ചാം ഓവറില്‍ ബദ്രി അദ്ദേഹത്തെ കൂടാരത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സ്ലിപ്പിൽ ഗെയ്‌ലിന്റെ കൈകളില്‍ ഒതുങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ജോസ് ബട്‌ലര്‍ (36) ജോ റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ ഒരുവിധത്തില്‍ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 61 റണ്‍സിന്റെ നിര്‍ണായക കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ബട്ട്‌ലര്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റിന്റെ പന്തില്‍ ബ്രാവോയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

പതിനാലാം ഓവറില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബെന്‍ സ്‌റ്റോക്‍സിനെ (13) ബ്രാവോ സിമ്മണ്‍‌സിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മോയിന്‍ അലി (0) എത്തിയെങ്കിലും ബ്രാവോയ്‌ക്ക് മുന്നില്‍ വീഴുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ രാംദിന് ക്യാച്ച് നല്‍കി അദ്ദേഹം കൂടാരം കയറുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഇംഗ്ലീഷ് നിരയുടെ പ്രതീക്ഷ ചുമലിലേറ്റിയ ജോ റൂട്ട് (54) ബ്രാത്ത്‌വെയ്‌റ്റിന്റെ പന്തില്‍ ബെന്നിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. പതിനെട്ടാം ഓവറില്‍ ഡേവിഡ് വില്ലിയെ (21) തകര്‍പ്പന്‍ ക്യാച്ചിലൂടെ ചാള്‍സ് പുറത്താക്കുകയായിരുന്നു. ബ്രാത്ത്‌വെയ്‌റ്റിനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയവര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിക്കാന്‍ സാധിച്ചിച്ചില്ല. പ്ലങ്കറ്റ് (4),
ക്രിസ് ജോര്‍ഡന്‍ (12*), ആദില്‍ റഷീദ് (4) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ സംഭാവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :