പൂജാര പുറത്ത് ! സൂര്യകുമാര്‍ യാദവ് ടെസ്റ്റ് അരങ്ങേറ്റത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്, അശ്വിനും സാധ്യത

രേണുക വേണു| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (15:45 IST)

ഏകദിന, ടി 20 ഫോര്‍മാറ്റുകളില്‍ ഗംഭീര തുടക്കം കുറിച്ച സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലും ഭാഗമാകുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവ് അരങ്ങേറുമെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലീഡ്‌സിലെ ഹെഡിങ്‌ലി സ്റ്റേഡിയത്തില്‍ നാളെ മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

ചേതേശ്വര്‍ പൂജാരയ്ക്ക് പകരക്കാരനായി മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ വരുമോയെന്നാണ് ആകാംക്ഷ. ഇംഗ്ലണ്ട് പര്യടനത്തില്‍ തന്നെ സൂര്യകുമാര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമെന്ന് ഇതോടെ വ്യക്തമായി. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ.എല്‍.രാഹുലും തുടരും. നാലാമനായി വിരാട് കോലിയും അഞ്ചാം നമ്പറില്‍ അജിങ്ക്യ രഹാനെയും തന്നെ ഇറങ്ങും. റിഷഭ് പന്ത് തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ച രവീന്ദ്ര ജഡേജയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. രണ്ടാം ടെസ്റ്റില്‍ കളിച്ച പേസ് ബോളര്‍മാരില്‍ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ തുടരുമെന്ന് ഉറപ്പാണ്. ഇഷാന്ത് ശര്‍മയുടെ കാര്യത്തിലാണ് സംശയം. ഇഷാന്ത് ശര്‍മ പുറത്തിരിന്നാല്‍ പകരം ശര്‍ദുല്‍ താക്കൂര്‍ കളത്തിലിറങ്ങും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :