അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ജനുവരി 2023 (19:31 IST)
2022ലെ ഏറ്റവും മികച്ച
ടി20 ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ പുരസ്കാരം സ്വന്തമാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. 2022ലെ മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്‌വാനെ മറികടന്നാണ് സൂര്യയുടെ നേട്ടം.
2022ൽ ആയിരത്തിലധികം റൺസ് കണ്ടെത്തി സൂര്യകുമാർ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ടി20യിൽ ഒരു വർഷം ആയിരത്തിലധികം അന്താരാഷ്ട്ര റൺസ് കണ്ടെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സൂര്യകുമാർ സ്വന്തമാക്കിയിരുന്നു. 2022ൽ ഇന്ത്യയ്ക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 46.56 ശരാശരിയിൽ 1164 റൺസാണ് സൂര്യ അടിച്ചുകൂട്ടിയത്. 187.43 എന്ന മികച്ച സ്ട്രൈക്ക്റേറ്റിലാണ് സൂര്യയുടെ നേട്ടം.
രണ്ട് സെഞ്ചുറികളാണ് ടി20യിൽ സൂര്യകുമാർ കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി 45 ടി20 മത്സരങ്ങളിൽ നിന്നായി 1578 റൺസാണ് സൂര്യ നേടിയിട്ടുള്ളത്. 13 അർധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 2021ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടി20യിൽ സൂര്യയുടെ അരങ്ങേറ്റം.