രേണുക വേണു|
Last Modified ബുധന്‍, 10 മെയ് 2023 (08:09 IST)
Suryakumar Yadav: മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് ഐപിഎല്‍ 16-ാം സീസണ്‍ ആരംഭിച്ചത് അത്ര മികച്ച രീതിയില്‍ അല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം ഔട്ട് സൂര്യയെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മോശം പ്രകടനം ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലും സൂര്യ തുടര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സൂര്യ പരിഹസിച്ച് അപ്പോള്‍ രംഗത്തെത്തിയത്. ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് സൂര്യയെന്ന് പോലും ആരാധകര്‍ കമന്റ് ചെയ്തു. അവര്‍ക്കെല്ലാം പലിശയടക്കം മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ സൂര്യ.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 200 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ സൂര്യ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അടിച്ചുകൂട്ടിയത് 35 പന്തില്‍ 83 റണ്‍സാണ്. ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 237.14 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യയുടെ വെടിക്കെട്ട് പ്രകടനം. പഴയ ഫോമിലേക്ക് സൂര്യ തിരിച്ചെത്തിയ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇതുപോലൊരു പ്ലെയര്‍ ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സാക്ഷാല്‍ വിരാട് കോലിക്കും മുകളിലാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ സൂര്യയുടെ പ്രകടനം. കോലിയും രോഹിത്തുമെല്ലാം ട്വന്റി 20 യില്‍ സൂര്യക്ക് താഴെ മാത്രമേ വരൂ എന്നാണ് ആരാധകരുടെ അഭിപ്രായം. നിലവിലെ ഏറ്റവും മികച്ച ടി 20 ബാറ്റര്‍ സൂര്യയാണെന്നും ആരാധകര്‍ പറയുന്നു. ഈ സീസണില്‍ മൂന്ന തവണയാണ് മുംബൈ 200 മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നത്. മൂന്നിലും ഗംഭീരപ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. രാജസ്ഥാനെതിരെ 29 പന്തില്‍ 55, പഞ്ചാബിനെതിരെ 31 പന്തില്‍ 66, ആര്‍സിബിക്കെതിരെ ഇപ്പോള്‍ 35 പന്തില്‍ 83 ! ഈ ഫോം തുടര്‍ന്നാല്‍ മുംബൈയെ കിരീടം ചൂടിക്കാന്‍ പോലും സൂര്യക്ക് സാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ 134 മത്സരങ്ങളില്‍ നിന്ന് 3020 റണ്‍സാണ് സൂര്യ നേടിയിരിക്കുന്നത്. ശരാശരി 30.82 ആണ്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 141.45 ഉം. വിരാട് കോലിയുടെ കാര്യത്തിലേക്ക് വന്നാല്‍ ഐപിഎല്ലില്‍ 234 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 7044 റണ്‍സാണ് സമ്പാദ്യം. ശരാശരിയില്‍ സൂര്യക്ക് മുകളിലാണെങ്കിലും സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ വിരാട് സൂര്യയേക്കാള്‍ ബഹുദൂരം പിന്നിലാണ്. വിരാടിന്റെ ഐപിഎല്‍ സ്‌ട്രൈക്ക് റേറ്റ് വെറും 129.41 മാത്രമാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ താന്‍ എത്രത്തോളം അപകടകാരിയാണെന്ന് ഓരോ സീസണ്‍ കഴിയും തോറും സൂര്യ തെളിയിക്കുകയാണെന്നാണ് ആരാധകര്‍ ഈ കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നത്.