അവസാന അഞ്ച് ഐപിഎല്‍ ഇന്നിങ്‌സുകളില്‍ രണ്ടക്കം കണ്ടിട്ടില്ല; സൂര്യകുമാര്‍ യാദവിന് കാര്യങ്ങള്‍ ദുഷ്‌കരം

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (09:43 IST)

ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ മധ്യനിര ബാറ്റ്‌സ്മാനായി ഇടംപിടിച്ച സൂര്യകുമാര്‍ യാദവിന്റെ തുടര്‍ച്ചയായ മോശം ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കയാകുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യകുമാറിനെയല്ല കഴിഞ്ഞ ഏതാനും ഇന്നിങ്‌സുകളായി കാണുന്നത്. ബൗളര്‍മാര്‍ക്ക് മുന്നില്‍ സൂര്യകുമാര്‍ ഏറെ സമ്മര്‍ദത്തിലാണ്. കഴിഞ്ഞ അഞ്ച് ഐപിഎല്‍ ഇന്നിങ്‌സുകളില്‍ സൂര്യകുമാറിന് രണ്ടക്കം കാണാന്‍ സാധിച്ചിട്ടില്ല. 3, 3, 5, 8, 0 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്‌സുകളിലെ സൂര്യകുമാറിന്റെ വ്യക്തിഗത സ്‌കോര്‍. ഇത് എല്ലാ അര്‍ത്ഥത്തിലും ആശങ്കപ്പെടുത്തുന്നതാണ്.

ഐപിഎല്‍ പുരോഗമിക്കുന്ന യുഎഇയില്‍ തന്നെയാണ് ടി 20 ലോകകപ്പ് നടക്കാനിരിക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളോട് എത്രയും പെട്ടെന്ന് പൊരുത്തപ്പെട്ടില്ലെങ്കില്‍ സൂര്യകുമാറിന്റെ കരിയറിനു അത് തിരിച്ചടിയാകും. സൂര്യകുമാര്‍ മോശം ഫോം തുടര്‍ന്നാല്‍ ടി 20 സ്‌ക്വാഡിലേക്ക് മധ്യനിര ബാറ്റ്‌സ്മാനായി മറ്റൊരു താരത്തെ പരിഗണിക്കേണ്ടിവരുമെന്ന നിലപാടിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രേയസ് അയ്യരാണ് നിലവില്‍ പരിഗണനയില്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലുള്ള ശ്രേയസിനെ 15 അംഗ സ്‌ക്വാഡിലേക്ക് മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :