ടി20യിൽ ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റർ, സ്വപ്നനേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 6 നവം‌ബര്‍ 2022 (16:57 IST)
സൂര്യകുമാർ യാദവിന് ചെയ്യാൻ സാധിക്കാത്തതായി എന്തുണ്ട്. ഓരോ ക്രിക്കറ്റ് മത്സരം കഴിയും തോറും ക്രിക്കറ്റ് പ്രേമികൾ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമായിരിക്കും ഇത്. ഗ്രൗണ്ടിൻ്റെ ഏത് മൂലയിലേക്കും പന്തെത്തിക്കാൻ സാധിക്കുന്ന സൂര്യകുമാറിനോളം അപകടകാരിയായ മറ്റൊരു ബാറ്റർ ഇല്ല എന്നുള്ളത് ക്രിക്കറ്റ് ലോകത്തെ ഒരു സത്യം മാത്രം.

എബിഡിയ്ക്ക് ശേഷം 360 ഡിഗ്രീ ബാറ്റർ എന്ന വിളിപ്പേര് കിട്ടിയ സൂര്യകുമാർ ഒന്നര വർഷം മുൻപ് ക്രിക്കറ്റിൽ അരങ്ങേറിയത് ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചറെ സ്കൂപ്പ് ചെയ്ത് സിക്സർ പറത്തികൊണ്ടായിരുന്നു. അന്ന് തുടങ്ങിയ അടി സൂര്യ ഇന്നും നിർത്തിയിട്ടില്ല. ഇതിനിടയിൽ ടി20 ക്രിക്കറ്റിലെ നമ്പർ 1 ബാറ്റർ എന്ന നേട്ടവും സൂര്യ നേടിയെടുത്തു. ഇപ്പോഴിതാ ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരം റൺസെന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.

ടി20 ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് സൂര്യ. 2021ൽ പാകിസ്ഥാൻ ബാറ്ററായ മുഹമ്മദ് റിസ്‌വാനാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. 2021ൽ സ്വപ്ന ഫോമിൽ ബാറ്റ് ചെയ്ത റിസ്വാൻ 26 ഇന്നിങ്ങ്സിൽ നിന്നും 1326 റൺസാണ് സ്വന്തമാക്കിയത്. സൂര്യകുമാറിന് ഈ നേട്ടം മറികടക്കാനായില്ലെങ്കിൽ കൂടി ഓപ്പണറായാണ് റിസ്‌വാൻ ബാറ്റ് ചെയ്യുന്നതെന്ന സത്യം നമുക്ക് മുന്നിൽ നിൽക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :