അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (18:09 IST)
ഒക്ടോബർ മാസം നടക്കാനിരിക്കുന്ന
ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. പരിചയസമ്പത്തിനൊപ്പം യുവത്വവും അണിചേരുന്ന ഇന്ത്യൻ ടീം ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച താരങ്ങളുള്ള നിരയാണ്. ഓപ്പണിങ്ങിലും മധ്യനിരയിലും താരങ്ങൾ ആരെല്ലാമാകും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെങ്കിലും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം പകരുന്നതിലെ വലിയ സാന്നിധ്യമാണ് സൂര്യകുമാർ യാദവ്.
മധ്യനിരയിൽ മികച്ച റെക്കോർഡുള്ള സൂര്യകുമാർ വിൻഡീസിനെതിരായ ടി20 സീരീസിൽ ഓപ്പണിങ് റോളിലും തിളങ്ങിയിരുന്നു. കളി തുടങ്ങി ആദ്യ പന്ത് മുതൽ റൺസ് കണ്ടെത്താൻ കഴിവുള്ള സൂര്യകുമാർ ടി20യിൽ ഇന്ത്യയുടെ കളിരീതിയെ തന്നെ മാറ്റിയെഴുതുന്ന കളിക്കാരനാണ്. കുറഞ്ഞ ബോളുകൾക്കുള്ളിൽ തന്നെ കളിയിൽ സ്വാധീനം ചെലുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെയ്ക്കുന്നത്.
50 പന്തുകളിൽ നിന്നും 80 റൺസ് നേടുന്നതിൽ നിന്നും വ്യത്യസ്തമായി 30-40 ബോളുകൾക്കുള്ളിൽ റൺസ് അടിച്ചുകയറ്റാനും കളിയിൽ കൂടുതൽ നേരം പിടിച്ചുനിൽക്കുന്നതിനൊപ്പം തന്നെ സ്കോർ ഉയർത്താനുമുള്ള സൂര്യയുടെ കഴിവ് നിലവിൽ ടി0 ക്രിക്കറ്റിൽ മറ്റ് ഇന്ത്യൻ ബാറ്റർമാർക്കില്ല എന്ന് തന്നെ പറയേണ്ടി വരും. അതിന് തെളിവ് നൽകുന്നതാണ് താരത്തിൻ്റെ പ്രകടനങ്ങൾ.
ടി20 ക്രിക്കറ്റിൽ താരം 30ന് മുകളിൽ റൺസ് കണ്ടെത്തിയ മത്സരങ്ങളിലെല്ലാം സൂര്യയുടെ പ്രഹരശേഷി 150ന് മുകളിലാണ്. 170ന് മുകളിൽ പ്രഹരശേഷിയിലാണ് തുടർച്ചയായി സൂര്യകുമാർ കളിക്കുന്നത് 30ന് മുകളിൽ റൺസ് കണ്ടെത്തിയ കളികളിലെ സൂര്യകുമാറിൻ്റെ സ്ട്രൈക്ക്റേറ്റ് ഇങ്ങനെ
57(183.9 സ്ട്രൈക്ക്റേറ്റ്), 32(188.2 സ്ട്രൈക്ക്റേറ്റ്), 50(147.1 സ്ട്രൈക്ക്റേറ്റ്), 62(155 സ്ട്രൈക്ക്റേറ്റ്), 34*(188.9സ്ട്രൈക്ക്റേറ്റ്), 65(209.7 സ്ട്രൈക്ക്റേറ്റ്),39 (205.3 സ്ട്രൈക്ക്റേറ്റ്), 117(212.7 സ്ട്രൈക്ക്റേറ്റ്),76(172.7 സ്ട്രൈക്ക്റേറ്റ്)