അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2023 (15:44 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച
ടി20 താരമെന്ന വിശേഷണം സമീപകാലത്തായി സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഏകദിനത്തില്‍ കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാനായിട്ടില്ലെങ്കിലും ടി20യില്‍ സൂര്യയുടെ റെക്കോര്‍ഡുകള്‍ അവിശ്വസനീയമാണ്. ലോകത്തെ ഏത് ബൗളിംഗ് നിരയെയും തച്ചുടയ്ക്കാനാകുന്ന സൂര്യകുമാര്‍ യാദവിനെ ടി20 ക്രിക്കറ്റില്‍ പിടിച്ചുകെട്ടിയിട്ടുള്ളത് ഓസ്‌ട്രേലിയ മാത്രമാണ്.
ഇക്കഴിഞ്ഞ ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ മികച്ച രീതിയില്‍ തന്നെ സൂര്യ തുടങ്ങിയെങ്കിലും പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങളിലും ഒറ്റ സംഖ്യയിലാണ് സൂര്യ പുറത്താകുന്നത്. താരത്തിന്റെ അവസാന 46 ടി20 ഇന്നിങ്ങ്‌സുകളില്‍ ഇതാദ്യമായാണ് താരം തുടര്‍ച്ചയായ 2 ഇന്നിങ്ങ്‌സുകളില്‍ ഒറ്റസംഖ്യയില്‍ പുറത്താവുന്നത്. നാലാം ടി20യില്‍ ഒരു റണ്‍സും അഞ്ചാം ടി20യില്‍ 5 റണ്‍സുമായിരുന്നു സൂര്യയുടെ സ്‌കോറുകള്‍.
ഇതാദ്യമായല്ല സൂര്യ ഓസീസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ പതറുന്നത്. ടി20 ക്രിക്കറ്റില്‍ ഇതാദ്യമാണെങ്കിലും ഏകദിന പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കെന്ന നാണക്കേട് സൂര്യ സ്വന്തമാക്കിയിരുന്നു. ഈ നാണക്കേടില്‍ നിന്നും കരകയറുന്നതിനിടെയാണ് സൂര്യയെ ഓസീസ് വീണ്ടും നാണക്കേടിന്റെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്.