വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 2 ജൂണ്‍ 2020 (12:36 IST)
മുംബൈ: ധോണിയുടെ വിരമിക്കൽ ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയാവാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ അത് ധോണി ആരാധകരും വിരോധികളും തമ്മിലുള്ള സൈബർ ഏറ്റുമുട്ടലിലേയ്ക്ക് വരെ എത്തിയിരിയ്ക്കുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ ഭാവിയെ കുറിച്ച് സംസാരിയ്ക്കുകയാണ് ചൈന്നൈ സൂപ്പർ കിങ്സിലെ സഹതാരവും ധോണിയൂടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളുമായ സുരേഷ് റെയ്ന.
ധോണി കളി നിര്‍ത്തണോ, തുടരണമോയെന്ന് തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ് എന്ന് റെയ്ന പറയുന്നു. 'ദേശീയ ടീമിനു വേണ്ടി ഇനി കളിക്കണമോയെന്നത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. ഇതേക്കുറിച്ച് ഞങ്ങൾക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിയില്ല. കളി നിര്‍ത്തണോ, തുടരണമോയെന്ന് തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഒരുപാട് വര്‍ഷങ്ങള്‍ ധോണി ഇന്ത്യക്കു വേണ്ടി കളിച്ചു കളിഞ്ഞു. ഇപ്പോഴും മികച്ച ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തോ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. റെയ്‌ന പറഞ്ഞു.
ധോണി ഇല്ലാതെ തന്നെ വിക്കറ്റ് കീപ്പിങ്ങിൽ ഉൾപ്പടെ ഇന്ത്യ താളം കണ്ടെത്തിക്കഴിഞ്ഞു. മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിലും ബാറ്റ്സ്‌മാൻ എന്ന നിലയിലും കെഎൽ രാഹുൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അതിനാൽ ഈ പൊസിഷനിലേയ്ക്കുള്ള ധോണിയൂടെ മടങ്ങിവരവ് ഇനി അത്ര എളുപ്പമാകില്ല. ദിവസങ്ങൾക്ക് മുൻപ് ധോണി റിട്ടയർസ് എന്ന ഹാഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ഇതിനെതിരെ സാക്ഷി ധോണി തന്നെ രംഗത്തെത്തി. പിന്നീട് ധോണി നെവർ ടയർസ് എന്ന ഹാഷ്ടാഗുമായി ധോണി ആരാധകർ രംഗത്തെത്തിയിരുന്നു.