പന്തിലെ ചതി; പങ്ക് മൂന്ന് പേര്‍ക്ക് മാത്രം, അയാള്‍ രക്ഷപ്പെടും?

സ്മിത്തിന്റെ രാജി ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു?

അപര്‍ണ| Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (08:05 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അനിശ്ചിതത്വം തുടരുകയാണ്. സംഭവത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

ദക്ഷിണാഫ്രിക്കൻ ടീമിനോടും മാപ്പു പറയുന്നതായി ഓസ്ട്രേലിയൻ ക്രിക്കറ്റ് മേധാവി വ്യക്തമാക്കി. അതേസമയം, പന്തില്‍ ക്രിത്രിമത്വം കാണിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരിശീലകൻ ഡാരൻ ലീമാനു സംഭവത്തില്‍ പങ്കില്ലെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹം ഓസീസ് ടീമിന്റെ പരിശീലക സ്ഥാനത്തു തുടരും.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ടെസ്റ്റിൽ ടിം പെയ്നായിരിക്കും ഓസീസിനെ നയിക്കുക. പന്തു ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർ കളിക്കില്ല.

വിവാദങ്ങള്‍ ചൂടു പിടിച്ച് നില്‍ക്കേ വാര്‍ണര്‍ക്കെതിരെ സഹതാരങ്ങളും രംഗത്തെത്തി. അദ്ദേഹത്തിനൊപ്പം തുടര്‍ന്നു കളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചതായാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാദങ്ങളെ ചൊല്ലി വാര്‍ണറും ചില താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്നും വാര്‍ണറെ മാറ്റണമെന്ന ആവശ്യം താരങ്ങള്‍ക്കിടെയില്‍ ശക്തമായെന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :