അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (21:43 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ അഴിച്ചുപണിയാണ് നടക്കാനിരിക്കുന്നത്. ടീമിന്റെ മുഖ്യപരിശീലകനായ രവിശാസ്‌ത്രിക്ക് പുറമെ ടീമിന്റെ ബൗളിങ്,ഫീൽഡിങ് കോച്ചുമാരും പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ മുഖ്യ പരിശീലകനായി പരിഗണിക്കുന്ന താരങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും മറ്റ് സ്ഥാനങ്ങളിലേക്ക് ആരെയാണ് പരിഗണിക്കുന്നത് എന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ബൗളിങ് പരിശീലകനാവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍.
എംഎസ് ധോണിയുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്താവും അദ്ദേഹത്തോട് നിങ്ങള്‍ പറയുകയെന്ന ക്രിക് ഇന്‍ഫോ ചോദ്യത്തിനുത്തരമായിട്ടായിരുന്നു സ്റ്റെയ്‌നിന്റെ മറുപടി. ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായ സ്റ്റെയ്ൻ ക്രിക്കറ്റ് ലോകത്തെ എല്ലാ മുൻനിര ബാറ്റ്സ്മാന്മാരെയും ഏറെ വിഷമിപ്പിച്ചിട്ടുള്ള താരമാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് സ്റ്റെയ്‌നിന്റെ പേരിലാണ്.