അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (20:46 IST)
ഓരോ
ഐപിഎൽ സീസണിലും പുതിയ താരങ്ങൾ ഉദയം ചെയ്യുന്നത് ഐപിഎല്ലിൽ പതിവ് കാഴ്‌ച്ചയാണ്. ഹാർദ്ദിക് പാണ്ഡ്യയും ജസ്‌പ്രീത് ബുമ്രയും സൂര്യകുമാർ യാദവും തുടങ്ങി നിരവധി താരങ്ങളാണ് ഐപിഎല്ലിലൂടെ ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടുള്ളത്. ഇത്തവണയും നിരവധി താരങ്ങളുടെ ഉദയത്തിന് ഐപിഎൽ സാക്ഷ്യം വഹിച്ചു. അതിൽ ഏറ്റവും ഒടുവിലെ അംഗമാണ് ഹൈദരബാദ് താരം ശശാങ്ക് സിങ്.
ഹൈദരാബാദിനായി സീസണിൽ ആദ്യമായി കളിക്കാൻ എത്തിയ ശശാങ്ക് കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിങ് ജോലിയാണ് മത്സരത്തിൽ പൂർത്തിയാക്കിയത്.ടൂര്‍ണമെന്റില് താരത്തിന്റെ ആറാമത്തെ കളിയായിരുന്നു ഇത്. പക്ഷെ കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളിലും ശശാങ്കിനു ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അവസരം ലഭിച്ചപ്പോൾ ശശാങ്ക് അത് മുതലാക്കുകയും ചെയ്‌തു.
180 പോലുമെത്തുമോയെന്നു സംശയിച്ച ഹൈദരാബാദിനെ 195ലെത്തിച്ചത് ഈ യുവതാരമാണ്. വെറും ആറു ബോളില്‍ മൂന്നു വമ്പന്‍ സിക്‌സറും ഒരു ബൗണ്ടറിയടക്കം 25 റൺസാണ് ശശാങ്ക് വാരികൂട്ടിയത്. പരിചയസമ്പന്നനായ ലോക്കി ഫെർഗൂസണിന്റെ ഓവറിലായിരുന്നു ശശാങ്കിന്റെ വിളയാട്ടം.
അവസാന മൂന്നു ബോളില്‍ തുടരെ മൂന്നു സിക്‌സറുകളാണ് താരം പറത്തിയത്. ഇരുപതാം ഓവറിൽ 25 റൺസാണ് ഇതോടെ ഹൈദരാബാദിന് ലഭിച്ചത്. 19 ഓവറിൽ 170 റൺസെന്ന നിലയിലായിരുന്ന ഹൈദരാബാദ് ഇതോടെ 20 ഓവറില്‍ ആറിന് 195 റണ്‍സെന്ന ശക്തമായ നിലയിലെത്തി.
മുംബൈയിലാണ് ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനു വേണ്ടിയാണ് താരം കളിക്കുന്നത്. 2017ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു.2019ല്‍ താരം രാജസ്ഥാന്‍ റോയല്‍സിലെത്തയെങ്കിലും താരത്തിന്റെ ജാതകം തെളിഞ്ഞത് ഹൈദരാബാദിൽ എത്തിയ ശേഷമായിരുന്നു.