വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 18 ജൂണ്‍ 2020 (08:56 IST)
തിരുവനന്തപുരം: ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തൂന്നു. ശ്രീശാന്ത് ഈ വർഷം കേരള ടീമിൽ കളിയ്ക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. സെപ്‌തംബറിൽ വിലക്ക് തീർന്നാൽ ഉടൻ ശ്രീശാന്തിനെ കേരള ക്യാമ്പിലേയ്ക്ക് വിളിയ്ക്കും എന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി നായർ പറഞ്ഞു. ശാരീരിക ക്ഷമത തെളിയിയ്ക്കുക എന്നതാണ് ശ്രീശാന്തിന് മുന്നിലുള്ള ഏക കടമ്പ എന്നും ശ്രീജിത് വി നായർ വ്യക്തമാക്കി.
സെപ്തബർ മുതൽ കേരളത്തിനായി ഏകദിന മത്സരങ്ങൾ കളിച്ചുതുടങ്ങണം എന്നാണ് കരുതുന്നത് എന്നും മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി ഇനിയും കളിയ്ക്കാൻ സാധിയ്ക്കും എന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2013ലെ ഐപിഎൽ വാതുവപ്പ് കേസിൽ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ശക്തമായ നിയമ പോരാട്ടം തന്നെ ശ്രീശാന്ത് നടത്തി ഒടുവിൽ സുപ്രീം കോടതി ഇടപ്പെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയയിരുന്നു.