അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഡിസംബര്‍ 2024 (11:50 IST)
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിന്. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫിയിലെ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് അശ്വിന് അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് തന്റെ തീരുമാനം അശ്വിന് ആരാധകരെ അറിയിച്ചത്.
38ക്കാരനായ താരം 2011 നവംബര്‍ 6നാണ് ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 106 മത്സരങ്ങള്‍ നീണ്ട അന്താരാഷ്ട്ര കരിയറില്‍ 537 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റ് മത്സരങ്ങളില്‍ 619 വിക്കറ്റുകള്‍ സ്വന്തമാക്കിയ അനില്‍ കുംബ്ലെ മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ അശ്വിന് മുന്നിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി 41 മത്സരങ്ങളില്‍ നിന്നും 195 വിക്കറ്റുകളാണ് അശ്വിന് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ വിജയത്തിന്റെ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നത് അശ്വിന്റെ ബൗളിംഗായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അശ്വിന് വിരമിക്കുന്നതോടെ ഈ ഫാക്ടര്‍ ഇന്ത്യയ്ക്ക് നഷ്ടമാകും. നിലവിലെ ടെസ്റ്റ് ടീമിനെ അത് കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്യും.
ഇതിഹാസതുല്യമായ ടെസ്റ്റ് കരിയറിന് പുറമെ 116 ഏകദിനങ്ങളില്‍ നിന്നും 156 വിക്കറ്റുകളും 65 ടി20 മത്സരങ്ങളില്‍ നിന്നും 72 വിക്കറ്റുകളും അശ്വിന് നേടിയിട്ടുണ്ട്.