അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (18:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്ങ്‌സിലും ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 163 റണ്‍സ് കടവുമായി ഇറങ്ങിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 60 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ്. 18 റണ്‍സുമായി വിരാട് കോലിയും 4 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0), യശ്വസി ജയ്‌സ്വാള്‍(5),ശുഭ്മാന്‍ ഗില്‍(26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആദ്യ ഇന്നിങ്ങ്‌സിന് സമാനമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയ്ക്കാണ് രോഹിത്തിന്റെ വിക്കറ്റ്. എട്ട് പന്തുകള്‍ നേരിട്ട താരം ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്. ടെസ്റ്റില്‍ 11 ഇന്നിങ്ങ്‌സുകളില്‍ ഇത് ഏഴാം തവണയാണ് റബാഡയ്ക്ക് മുന്നില്‍ രോഹിത് പരാജയപ്പെടുന്നത്. രോഹിത്തിന് പിന്നാലെ യശ്വസി ജയ്‌സ്വാളും പുറത്തായതോടെ
ഇന്ത്യ പരുങ്ങലിലായി. നല്ല രീതിയില്‍ തുടങ്ങിയെങ്കിലും 26 റണ്‍സില്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വലിയ ബാറ്റിംഗ് തകര്‍ച്ചയിലേയ്ക്ക് വീണത്.
നേരത്തെ 265 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക 408 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. 185 റണ്‍സുമായി ഡീന്‍ എല്‍ഗാറും 84 റണ്‍സുമായി മാര്‍ക്കോ യാന്‍സനുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.