അഭിറാം മനോഹർ|
Last Modified ഞായര്‍, 10 മാര്‍ച്ച് 2024 (11:27 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും വിജയിച്ചുകൊണ്ട് ഇംഗ്ലണ്ടിന്റെ ബാസ്ബോളിനെ ചവറ്റുകുട്ടയില്‍ തള്ളിയിരിക്കുകയാണ് ടീം ഇന്ത്യ. ധര്‍മശാലയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്ങ്സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യമാണ് കാണാനായത്.
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ ചൂടേറിയ പല രംഗങ്ങളും മൂന്നാം ദിനം അരങ്ങേറുകയുണ്ടായി. ഇംഗ്ലണ്ട് സീനിയര്‍ താരമായ ജോണി ബെയര്‍സ്റ്റോയും ഇന്ത്യന്‍ യുവതാരങ്ങളായ ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനും തമ്മിലാണ് മത്സരത്തിനിടെ വാക്പോരുണ്ടായത്. ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബെയര്‍സ്റ്റോയ്ക്ക് ഇന്ത്യന്‍ യുവതാരങ്ങള്‍ വയര്‍ നിറച്ചാണ് കൊടുത്തതെന്ന് വേണം പറയാന്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ജിമ്മി ആന്ഡേഴ്സണ് വിരമിക്കണമെന്ന് നീ പറഞ്ഞോ എന്ന് ബെയര്‍സ്റ്റോ ശുഭ്മാന്‍ ഗില്ലിനോട് ചോദിക്കുകയായിരുന്നു. അങ്ങനെ പറഞ്ഞതായി ഗില്‍ പറഞ്ഞതോടെ എന്നിട്ടെന്തായി നിന്നെ അവന് തന്നെ പുറത്താക്കിയില്ലെ എന്ന് ബെയര്‍സ്റ്റോ ചോദിക്കുകയായിരുന്നു. ഇതോടെയാണ് താരങ്ങള്‍ തമ്മിലുള്ള വാക്പോര് രൂക്ഷമായത്.
അതുകൊണ്ട് എന്താണ് ഞാന്‍ സെഞ്ചുറിയടിച്ച് കഴിഞ്ഞാണ് പുറത്തായതെന്ന് ഗില്‍ മറുപടി നല്കി. നിനക്ക് ഈ പരമ്പരയില്‍ എത്ര സെഞ്ചുറിയുണ്ടെന്നും ഗില്‍ ചോദിച്ചു. നിനക്കെത്രയണ്ണമുണ്ടെടാ എന്നായിരുന്നു ബെയര്‍സ്റ്റോയുടെ മറുചോദ്യം. ഇതിനിടെയാണ് സര്‍ഫറാസ് ഖാനും രംഗത്തെത്തിയത്. അവനോട് മിണ്ടാതിരിക്കാന്‍ പറ, ഇപ്പോഴാണ് അവന് കുറച്ച് റണ്‍സെങ്കിലും നേടുന്നത് എന്നായിരുന്നു സര്‍ഫറാസിന്റെ പരിഹാസം.