അഭിറാം മനോഹർ|
Last Modified വെള്ളി, 9 ജൂണ്‍ 2023 (09:06 IST)
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇറങ്ങുമ്പോള്‍ ഐപിഎല്ലില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയിരുന്ന വിരാട് കോലി,ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളുടെ ബാറ്റിംഗ് ഫോമിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും ഐപിഎല്ലില്‍ ഒരൊറ്റ സീസണില്‍ 890 റണ്‍സുമായി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ഗില്ലിനെ വിരാട് കോലിയുടെ പിന്‍ഗാമിയായാണ് ക്രിക്കറ്റ് ആരാധകര്‍ പരിഗണിക്കുന്നത്.
എന്നാല്‍ ഐപിഎല്ലിലെയും ഏകദിനത്തിലെയും മിന്നുന്ന ഫോമൊന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ഓസീസിനെതിരെ ചിലവായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായതിന് പിന്നാലെ സ്‌കോട്ട് ബോളന്‍ഡ് എറിഞ്ഞ അടുത്ത ഓവറില്‍ ഓഫ് സ്റ്റമ്പിലെത്തിയ പന്ത് ലീവ് ചെയ്തത് മാത്രമാണ് ഗില്ലിന് ഓര്‍മയുള്ളത്. ഐപിഎല്‍ ടൂര്‍ണമെന്റില്‍ നിന്നും ഒരു സന്നാഹമത്സരം പോലുമില്ലാതെ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാറിയതാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തിരിച്ചടിയായതെന്ന് ആരാധകര്‍ പറയുന്നത്. ഇത് ഉറപ്പിക്കുന്നതായിരുന്നു ഗില്ലിന്റെ വിക്കറ്റ്.
മത്സരത്തില്‍ 15 പന്തില്‍ നിന്നും 13 റണ്‍സാണ് ഗില്‍ നേടിയത്. ഓസീസിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോര്‍ ആയ 469 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ 151 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലാണ്. 29 റണ്‍സുമായി അജിങ്ക്യ രഹാനെയും 5 റണ്‍സുമായി ശ്രീകര്‍ ഭരതുമാണ് ക്രീസില്‍.