രേണുക വേണു|
Last Modified ബുധന്‍, 17 ജനുവരി 2024 (16:29 IST)
Shubman Gill, Hardik Pandya, Ravindra Jadeja
T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സീനിയര്‍ താരങ്ങളും യുവതാരങ്ങളും തമ്മില്‍ ശക്തമായ മത്സരം. അഫ്ഗാനിസ്ഥാനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കഴിഞ്ഞതോടെ ലോകകപ്പ് ടീമിലേക്കുള്ള പോരാട്ടം കടുപ്പമേറിയതാകുമെന്ന് ഉറപ്പായി. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ അപ്രമാദിത്തത്തിനു തിരിച്ചടിയായിരിക്കുകയാണ് മറ്റ് മൂന്ന് താരങ്ങള്‍. യഷസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ട്വന്റി 20 ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കാന്‍ ശക്തമായ പോരാട്ടം നടത്തുന്നത്.
ശുഭ്മാന്‍ ഗില്‍ vs യഷസ്വി ജയ്‌സ്വാള്‍
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രധാന ഓപ്പണറായി ആരെത്തും? അടുത്ത കോലിയെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്ന ശുഭ്മാന്‍ ഗില്ലിന് ആയിരുന്നു കൂടുതല്‍ സാധ്യതയെങ്കിലും ഇപ്പോള്‍ അത് തുലാസില്‍ ആണ്. സമീപകാലത്ത് ട്വന്റി 20 ഫോര്‍മാറ്റില്‍ ഗില്‍ നിറം മങ്ങിയതും ഇടംകൈയന്‍ ബാറ്ററായ യഷസ്വി ജയ്സ്വാള്‍ മികച്ച പ്രകടനം തുടരുന്നതുമാണ് അതിനു കാരണം. ടി20 ഫോര്‍മാറ്റില്‍ ജയ്സ്വാള്‍ ഗില്ലിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതിന്റെ സൂചനയാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര.
ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഗില്ലാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ചെറിയൊരു പരുക്കിനെ തുടര്‍ന്ന് ജയ്സ്വാളിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ട്വന്റി 20 മത്സരത്തിലേക്ക് എത്തിയപ്പോള്‍ ഗില്‍ പുറത്തും ജയ്സ്വാള്‍ അകത്തും ! പരുക്ക് ഇല്ലായിരുന്നെങ്കില്‍ ജയ്സ്വാള്‍ ആദ്യ ട്വന്റി 20 മത്സരവും കളിക്കുമായിരുന്നു. മാത്രമല്ല രണ്ടാം മത്സരത്തില്‍ അഞ്ച് ഫോറും ആറ് സിക്സുകളും സഹിതം 34 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ജയ്സ്വാള്‍ ഇന്ത്യയുടെ ടോപ് സ്‌കോററുമായി.
ഇടംകൈയന്‍ ബാറ്റര്‍ ആണെന്നതും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്തുന്നു എന്നതും ജയ്സ്വാളിന് മുന്‍തൂക്കം നല്‍കുന്നു. പവര്‍പ്ലേയില്‍ കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കാത്ത താരമാണ് ഗില്‍. തുടക്കത്തില്‍ കുറച്ച് പന്തുകള്‍ നേരിട്ട ശേഷം മാത്രമേ ട്വന്റി 20 യില്‍ ഗില്‍ ബാറ്റിങ് ശൈലി മാറ്റൂ. എന്നാല്‍ ജയ്സ്വാള്‍ നേരെ തിരിച്ചാണ്. ഫോര്‍മാറ്റിന്റെ സ്വഭാവം മനസിലാക്കി തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുന്ന ശൈലി. ഇങ്ങനെയൊരു ബാറ്ററെയാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ആവശ്യമുള്ളതും. 16 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 35.57 ശരാശരിയില്‍ 163.81 സ്ട്രൈക്ക് റേറ്റോടെ 498 റണ്‍സ് ജയ്സ്വാള്‍ നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ ആകട്ടെ 14 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 25.77 ശരാശരിയില്‍ 335 റണ്‍സ് മാത്രമാണ് ഇതുവരെ സ്‌കോര്‍ ചെയ്തിരിക്കുന്നത്. സ്ട്രൈക്ക് റേറ്റ് 147.58 മാത്രമാണ്. ജയ്സ്വാളിനേക്കാള്‍ വളരെ താഴെയാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ ഗില്ലിന്റെ പ്രകടനം. ഈ കണക്കുകളെല്ലാം ലോകകപ്പ് ടീം സെലക്ഷനിലേക്ക് എത്തുമ്പോള്‍ ഗില്ലിന് തിരിച്ചടിയാകും.
ഹാര്‍ദിക് പാണ്ഡ്യ vs ശിവം ദുബെ
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര തുടങ്ങുന്നതിനു മുന്‍പ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ 25 ല്‍ മാത്രമായിരുന്നു ശിവം ദുബെയുടെ സ്ഥാനം. അഫ്ഗാനിസ്ഥാനെതിരായ രണ്ട് ടി20 മത്സരങ്ങള്‍ കഴിഞ്ഞതോടെ അത് ആദ്യ 15 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതായത് നിലവിലെ സാഹചര്യത്തില്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് താനെന്ന് ദുബെ തെളിയിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറികളാണ് ദുബെ അഫ്ഗാനെതിരെ നേടിയത്.
ഐപിഎല്ലില്‍ കൂടി ഈ മികവ് തുടര്‍ന്നാല്‍ ഉറപ്പായും ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ദുബെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ആദ്യ ടി 20 മത്സരത്തില്‍ 40 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ദുബെ ആയിരുന്നു കളിയിലെ താരം. അഞ്ച് ഫോറും രണ്ട് സിക്സും അടങ്ങിയ ഇന്നിങ്സ് ആയിരുന്നു അത്. രണ്ടാം ട്വന്റി 20 മത്സരത്തില്‍ 32 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും സഹിതം 63 റണ്‍സുമായി പുറത്താകാതെ നിന്നു. മാത്രമല്ല അഫ്ഗാന്‍ സ്പിന്നര്‍ മുഹമ്മദ് നബിയെ തുടര്‍ച്ചയായി മൂന്ന് സിക്സുകളാണ് ദുബെ പറത്തിയത്.
സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കുന്നതാണ് ശിവം ദുബെയ്ക്ക് ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറന്നിടുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ കളിക്കാന്‍ ബുദ്ധിമുട്ടുന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. അങ്ങനെയൊരു സാഹചര്യത്തിലേക്കാണ് സ്പിന്നിനെ യാതൊരു ദയയുമില്ലാതെ അടിച്ചോടിക്കുന്ന ദുബെ എത്തുന്നത്. ഓഫ് സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കാന്‍ ദുബെയ്ക്ക് സാധിക്കുന്നുണ്ട്. മാത്രമല്ല ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും ദുബെയുടെ സാധ്യതകള്‍ ഇരട്ടിപ്പിക്കുന്നു. ഓള്‍റൗണ്ടര്‍ ആണെന്നതും ദുബെയ്ക്ക് ഗുണം ചെയ്യും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ദുബെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചാലും അതിശയിക്കാനില്ല. അഫ്ഗാനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ദുബെ പന്തെറിഞ്ഞു. ആദ്യ ടി20 യില്‍ രണ്ട് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ മൂന്ന് ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഹാര്‍ദിക്കിനെ ബൗളറായി ഉപയോഗിക്കുന്നതിനു സമാനമായ രീതിയില്‍ ദുബെയെയും ഉപയോഗിക്കാം. മാത്രമല്ല ബാറ്റിങ്ങില്‍ പാണ്ഡ്യയേക്കാള്‍ ഹാര്‍ഡ് ഹിറ്ററുമാണ്. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ദുബെയെ മറികടക്കുന്ന പ്രകടനം നടത്തിയാല്‍ മാത്രമേ ഹാര്‍ദിക്കിന് ഇനി കാര്യങ്ങള്‍ എളുപ്പമാകൂ.
രവീന്ദ്ര ജഡേജ vs അക്ഷര്‍ പട്ടേല്‍
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ പിന്നിലാക്കി അക്ഷര്‍ പട്ടേല്‍ സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ ജഡേജയേക്കാള്‍ മികവ് പുലര്‍ത്തുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ആണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ഐപിഎല്ലിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
വ്യത്യസ്തമായ രീതികളില്‍ പന്തെറിയാനുള്ള കഴിവും ഏത് നമ്പറില്‍ വേണമെങ്കിലും ബാറ്റ് ചെയ്യാനുള്ള പ്രാപ്തിയും അക്ഷറിന് ഉണ്ടെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. എക്സ്പീരിയന്‍സ് മാത്രം നോക്കി ജഡേജയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ട ആവശ്യം നിലവില്‍ ഇല്ലെന്നും ടീം മാനേജ്മെന്റ് നിലപാടെടുത്തിട്ടുണ്ട്.
ജഡേജയെ പോലെ ഒരൊറ്റ രീതിയില്‍ മാത്രം പന്തുകള്‍ എറിയുന്ന ബൗളറല്ല അക്ഷര്‍. പല തരത്തിലുള്ള ബോളുകള്‍ അക്ഷര്‍ പരീക്ഷിക്കുന്നു. പവര്‍പ്ലേയില്‍ പോലും അക്ഷറിന് വിശ്വസിച്ചു പന്ത് കൊടുക്കാം. ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല വിദേശ പിച്ചുകളിലും അക്ഷര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഏത് പൊസിഷനില്‍ ഇറങ്ങി ബാറ്റ് ചെയ്യാനും അക്ഷറിനു സാധിക്കുന്നു. ട്വന്റി 20 യില്‍ പവര്‍ ഹിറ്റര്‍ എന്ന നിലയിലും അക്ഷര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അക്ഷര്‍ തന്നെ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തല്‍.
ട്വന്റി 20 കരിയറില്‍ 52 മത്സരങ്ങളാണ് അക്ഷര്‍ കളിച്ചിട്ടുള്ളത്. 31 ഇന്നിങ്സുകളില്‍ നിന്നായി 19 ശരാശരിയില്‍ 361 റണ്‍സ് നേടിയിട്ടുണ്ട്. 144.4 ആണ് സ്ട്രൈക്ക് റേറ്റ്. ബൗളിങ്ങില്‍ 50 ഇന്നിങ്സുകളില്‍ നിന്നായി 7.27 ഇക്കോണമിയില്‍ 49 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മറുവശത്ത് ജഡേജയുടെ കണക്കുകളിലേക്ക് വന്നാല്‍ 36 ഇന്നിങ്സുകളില്‍ നിന്നായി 22.86 ശരാശരിയില്‍ 480 റണ്‍സാണ് നേടിയിരിക്കുന്നത്. സ്ട്രൈക്ക് റേറ്റ് വെറും 125.33 മാത്രമാണ്. ബൗളിങ്ങില്‍ 64 ഇന്നിങ്സുകളില്‍ നിന്ന് 7.1 ഇക്കോണമിയില്‍ 53 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്.