അഭിറാം മനോഹർ|
Last Modified വെള്ളി, 14 ജൂലൈ 2023 (13:23 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഓപ്പണിംഗ് സ്ഥാനത്ത് നിന്നും ശുഭ്മാന്‍ ഗില്‍ പിന്‍വാങ്ങിയിരുന്നു. സ്വന്തം താത്പര്യപ്രകാരം മൂന്നാം നമ്പറിലേക്ക് മാറി കളിക്കാമെന്ന് താരം അറിയിച്ചതോടെയാണ് ടെസ്റ്റ് ടീമില്‍ മൂന്നാം നമ്പറുകാരനായി ഗില്‍ മാറിയത്. എന്നാല്‍ മൂന്നാം സ്ഥാനത്ത് താരം ഇറങ്ങിയ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗില്‍ നടത്തിയത്. 10 പന്തുകള്‍ നേരിട്ട താരം 6 റണ്‍സുമായാണ് മടങ്ങിയത്.
മൂന്നാം സ്ഥാനത്ത് പ്രതീക്ഷിച്ച പ്രകടനം നടത്തുന്നതില്‍ ഗില്‍ പരാജയപ്പെട്ടപ്പോള്‍ താന്‍ വിട്ടുനല്‍കിയ ഓപ്പണിംഗ് സ്ഥാനത്ത് തകര്‍പ്പന്‍ പ്രകടനമാണ് യശ്വസി ജയ്‌സ്വാള്‍ നടത്തിയത്. ഇതോടെ ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഐപിഎല്ലില്‍ മാത്രമാണ് ഗില്‍ മികവ് പുലര്‍ത്തുന്നതെന്നും വിദേശത്തെ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ ഗില്‍ പരാജയമാണെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം ബാറ്റിംഗില്‍ താഴേക്കിറങ്ങിയപ്പോള്‍ പണി ചോദിച്ചു വാങ്ങുകയാണ് ഗില്‍ ചെയ്തതെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു.