ബാറ്റിംഗ് ഓർഡറിൽ സ്വയം താഴേക്കിറങ്ങി ഗിൽ, പുജാരയുടെ ടെസ്റ്റ് കരിയറിന് ഉടനെ കർട്ടൻ വീണേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ജൂലൈ 2023 (13:46 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഓപ്പണിങ്ങ് പൊസിഷനില്‍ നിന്നും മാറാനുള്ള തീരുമാനം ശുഭ്മാന്‍ ഗില്‍ സ്വയം തിരെഞ്ഞെടുത്തതാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്ലിന് പകരം തനിക്കൊപ്പം യശ്വസി ജയ്‌സ്വാളാകും ഓപ്പണ്‍ ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓപ്പണിങ്ങ് സ്ഥാനത്ത് നിന്ന ഗില്‍ സ്വയം സ്ഥാനമിറങ്ങിയ കാര്യം രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. ഓപ്പണിങ്ങില്‍ നിന്നും പിന്മാറിയ ഗില്‍ മൂന്നാം സ്ഥാനത്തായിരിക്കും ഇനി കളിക്കുക. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ കളിച്ച് ശീലമുള്ളതിനാല്‍ തന്നെ മൂന്നാം നമ്പര്‍ പോസിഷന്‍ തനിക്ക് അനുകൂലമാകുമെന്നാണ് ഗില്‍ വിലയിരുത്തുന്നത്. മൂന്നാം സ്ഥാനത്ത് തനിക്ക് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഗില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി രോഹിത് ശര്‍മ വ്യക്തമാക്കി.

ഗില്‍ മൂന്നാമനാകാന്‍ തീരുമാനം പ്രഖ്യാപിച്ചതൊടെ പുജാരയുടെ തിരിച്ചുവരവിന്റെ സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞു. ഗില്‍ മൂന്നാം നമ്പറില്‍ സ്ഥാനം ഉറപ്പിക്കുകയാണെങ്കില്‍ കരിയറിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കുന്ന ചേതേശ്വര്‍ പുജാരയ്ക്ക് ടെസ്റ്റില്‍ ഇനിയൊരു തിരിച്ചുവരവ് എളുപ്പമാവില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :