രേണുക വേണു|
Last Modified ശനി, 3 ഫെബ്രുവരി 2024 (07:54 IST)
Shreyas Iyer: ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍. തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തിനു ഇനിയും അവസരങ്ങള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 59 പന്തില്‍ 27 റണ്‍സുമായി ശ്രേയസ് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയത്. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനു ക്യാച്ച് നല്‍കിയാണ് ശ്രേയസിന്റെ പുറത്താകല്‍.
സ്പിന്‍ സ്‌പെഷ്യലിസ്റ്റ് എന്ന പേരിലാണ് ശ്രേയസിന് ഇന്ത്യ തുടര്‍ച്ചയായി അവസരം നല്‍കുന്നത്. എന്നാല്‍ ശരാശരിയേക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരു സ്പിന്നര്‍ വന്നു എറിഞ്ഞാല്‍ ശ്രേയസ് ഉറപ്പായും വിക്കറ്റ് കൊടുക്കും. അങ്ങനെയൊരു താരത്തിനു തുടര്‍ച്ചയായി അവസരം നല്‍കേണ്ട ആവശ്യമില്ലെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇപ്പോഴത്തേത് അടക്കം മൂന്ന് തവണയും ശ്രേയസ് പുറത്തായത് സ്പിന്‍ ബൗളിങ്ങില്‍ ആണ്.
ടെസ്റ്റ് ക്രിക്കറ്റ് തനിക്കു യോജിച്ച ഫോര്‍മാറ്റ് അല്ലെന്ന് ശ്രേയസ് ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും താരത്തിനില്ല. അവസാന 10 ഇന്നിങ്‌സുകളില്‍ രണ്ട് തവണ പൂജ്യത്തിനു പുറത്തായി. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്. ശരാശരിയില്‍ താഴെ മാത്രം പ്രകടനം നടത്തുന്ന ശ്രേയസിന് ടെസ്റ്റില്‍ തുടര്‍ച്ചയായി അവസരം നല്‍കുന്നത് മറ്റൊരു താരത്തിന്റെ അവസരം നഷ്ടപ്പെടുത്തുക കൂടിയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.