അഭിറാം മനോഹർ|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (15:18 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. അടുത്തമാസം മിര്‍പൂരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് പ്രഖ്യാപിച്ചു. അതേസമയം കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ ബംഗ്ലാദേശില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന കാണ്‍പൂര്‍ ടെസ്റ്റായിരിക്കും തന്റെ അവസാന ടെസ്റ്റെന്നും ഷാക്കിബ് അറിയിച്ചു.
വിടവാങ്ങല്‍ മത്സരത്തിന് കാത്ത് നില്‍ക്കാതെ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പ് മാധ്യമങ്ങളുമായി സംസാരിക്കവെ ഷാക്കിബ് പറഞ്ഞു. ബംഗ്ലാദേശിനായി 70 ടെസ്റ്റുകളില്‍ കളിച്ച ഷാക്കിബ് 5 സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പടെ 4600 റണ്‍സാണ് നേടിയിട്ടുള്ളത്. 217 റണ്‍സാണ് ടെസ്റ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 242 വിക്കറ്റുകളും ഷാക്കിബിന്റെ പേരിലുണ്ട്.
129 ടി20 മത്സരങ്ങളില്‍ നിന്ന് 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെ 2552 റണ്‍സും 149 വിക്കറ്റും നേടിയിട്ടുണ്ട്. 2007ല്‍ ഇന്ത്യക്കെതിരെയായിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം.2006ല്‍ സിംബാബ്വെയ്‌ക്കെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ് 2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ അവസാനം നടന്ന ടി20 ലോകകപ്പ് വരെ ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്.