അഭിറാം മനോഹർ|
Last Modified ശനി, 13 നവംബര്‍ 2021 (18:35 IST)
ടി20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം ഒന്നാകെ കാത്തുനിന്നത് ഇന്ത്യ-പാകിസ്ഥാൻ പോരിനായിരുന്നു. ലോകകപ്പിൽ പാകിസ്താനെതിരെ ഇതുവരെയും തോൽക്കാത്ത ടീം എന്ന റെക്കോഡ് പക്ഷേ മത്സരത്തിൽ ഇന്ത്യയ്ക്ക് കൈമോശം വന്നു. മത്സരത്തിലെ ഷഹീൻ അഫ്രീദി എറിഞ്ഞ ഓപ്പണിങ് സ്പെല്ലായിരുന്നു ഏറ്റവും നിർണായകമായത്. ആദ്യ സ്പെല്ലിൽ ഇന്ത്യയുടെ മുൻനിരക്കാരായ രോഹിത് ശർമയേയും കെഎൽ രാഹുലിനെയും പവലിയനിലേക്കയച്ചുകൊണ്ട് വലിയ ആഘാതമാണ് ഷഹീൻ അഫ്രീദി സൃഷ്ടിച്ചത്.
രോഹിത്തിനെ ഇന്‍സ്വിംഗറില്‍ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നെങ്കില്‍ രാഹുലിനെ ലെംഗ്ത് ബോളില്‍ അഫ്രീദി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
രാഹുൽ പുറത്തായ പന്ത് താൻ കണ്ടതിൽ ഏറ്റവും മികച്ച പന്തുകളിൽ ഒന്നായിരുന്നുവെന്നാണ് മത്സരശേഷം പാക് ബാറ്റിങ് കോച്ചായ മാത്യൂ ഹെയ്ഡൻ പ്രതികരിച്ചത്. എന്നാൽ കെഎൽ രാഹുലിനെ പുറത്താക്കാൻ ഉപയോഗിച്ച പന്ത് തനിക്ക് ഉപദേശിച്ചത് സഹതാരമായ ശുഐബ് മാലിക്കായിരുന്നുവെന്നാണ് അഫ്രീദി പറയുന്നത്.
രണ്ടാം ഓവര്‍ എറിയുന്നതിന് മുമ്പ് ഞാന്‍ മാലിക്കിനോട് ഉപദേശം ചോദിച്ചു. അദ്ദേഹം എന്നോട് ലെംഗ്ത് ബോളെറിയാന്‍ ആവശ്യപ്പെട്ടു. ഫുള്‍ ലെംഗ്ത്ത് പന്തെറിയാനായിരുന്നു ഞാനും ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും ചോദിച്ചു, ലെംഗ്ത് പന്തെറിയണോ എന്ന്, അദ്ദേഹം എന്നോട് ഫുള്‍ ലെംഗ്ത് എറിയരുതെന്ന് ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് ആദ്യ ഓവറില്‍ ഞാൻ രാഹുലിനെതിരെ ലെങ്ത് ബോൾ എറിയാൻ തീരുമാനിക്കുകയായിരുന്നു. അത് ഫലം കണ്ടു. അഫ്രീദി പറഞ്ഞു.