സഞ്ജുവിനെ ലോകകപ്പിലേക്ക് പരിഗണിക്കുക ഇങ്ങനെ സംഭവിച്ചാല്‍ മാത്രം; ഇഷാന്‍ കിഷന് വീണ്ടും അവസരം നല്‍കാന്‍ ബിസിസിഐ

രേണുക വേണു| Last Modified വ്യാഴം, 22 ജൂണ്‍ 2023 (09:46 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അംഗമാകാമെന്ന മലയാളി താരം സഞ്ജു സാംസണിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്തിയില്ലെങ്കില്‍ മാത്രമേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സാധിക്കൂ. റിഷഭ് പന്തിനെയാണ് പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി ബിസിസിഐ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നത്. റിഷഭ് പന്ത് മടങ്ങിയെത്താത്ത സാഹചര്യമുണ്ടായാല്‍ അത് സഞ്ജുവിന് തുണയാകും.

ലോകകപ്പില്‍ പരിചയസമ്പത്തുള്ള താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം റിഷഭ് പന്തിനെ സ്‌ക്വാഡില്‍ പരിഗണിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാകുന്നത് അതിനാലാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പന്ത്.

മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന് വീണ്ടും അവസരം നല്‍കാനാണ് ബിസിസിഐ തീരുമാനം. ബാക്കപ്പ് ഓപ്പണര്‍ എന്ന നിലയിലാണ് ഇഷാന്‍ കിഷനെ പരിഗണിക്കുന്നത്. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്ന ആനുകൂല്യവും ഇഷാന്‍ കിഷനുണ്ട്. കെ.എല്‍.രാഹുലിനെയും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ബിസിസിഐ പരിഗണിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :