രേണുക വേണു|
Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (10:17 IST)
ലോകകപ്പ് പോലൊരു മേജര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിക്കാനുള്ള ഒരു യോഗ്യതയും ശ്രേയസ് അയ്യരിന് ഇല്ലെന്ന് ക്രിക്കറ്റ് ആരാധകര്‍. കരിയറിന്റെ തുടക്കം മുതല്‍ ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ അറിയാത്ത താരമാണ് ശ്രേയസ്. കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പോലും ശ്രേയസ് ഷോര്‍ട്ട് ബോളില്‍ പുറത്തായിട്ടുണ്ട്. ഇത്ര വര്‍ഷം ആയിട്ടും ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള തന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രേയസിന് സാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിര്‍ണായക സമയത്താണ് ശ്രേയസ് ബാറ്റ് ചെയ്യാനെത്തുന്നത്. ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യേണ്ടതിനു പകരം അലസമായ ഷോട്ട് കളിച്ചു ശ്രേയസ് പുറത്താകുകയായിരുന്നു. ഷോര്‍ട്ട് ബോളിനു സമാനമായ പന്തില്‍ തന്നെയാണ് ശ്രേയസ് ഇത്തവണയും പുറത്തായത്. ഷോര്‍ട്ട് ബോള്‍ കണ്ടാല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ സന്നിഗ്ദാവസ്ഥയില്‍ നില്‍ക്കുന്ന ബാറ്റര്‍ എങ്ങനെയാണ് അത്യാവശ്യ സമയത്ത് ഇന്ത്യക്കായി കളിക്കുകയെന്നാണ് ആരാധകരുടെ ചോദ്യം.
ശ്രേയസ് ഷോര്‍ട്ട് ബോളില്‍ പതറുമെന്ന് എല്ലാ ടീമുകള്‍ക്കും ഇപ്പോള്‍ നന്നായി അറിയാം. ശ്രേയസ് ക്രീസിലെത്തിയാല്‍ ഷോര്‍ട്ട് ബോളുകള്‍ എറിയുന്ന പേസര്‍മാര്‍ക്ക് അതാത് ടീമിന്റെ നായകന്‍മാര്‍ പന്ത് കൊടുക്കുന്നു. ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് ശ്രേയസ് എത്തിയെന്നും ഇഷാന്‍ കിഷന്‍ പോലും ഇതിനേക്കാള്‍ നന്നായി ഷോര്‍ട്ട് ബോള്‍ കളിക്കുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
അതേസമയം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലാത്ത മലയാളി താരം സഞ്ജു സാംസണ്‍ ഷോര്‍ട്ട് ബോള്‍ കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും ലോകോത്തര ബൗളര്‍മാരുടെ ഷോര്‍ട്ട് ബോളുകളെ പോലും അടിച്ചുപറത്തുന്ന താരമാണ് സഞ്ജു. അങ്ങനെയൊരു താരത്തെ പുറത്തിരുത്തി ഷോര്‍ട്ട് ബോള്‍ എന്ന് കേട്ടാല്‍ പോലും വിക്കറ്റ് വലിച്ചെറിയുന്ന ശ്രേയസ് അയ്യരെ പ്ലേയിങ് ഇലവനില്‍ ഇറക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.