അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2024 (17:37 IST)
ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലെ സെഞ്ചുറിയോട് കൂടി ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയിലേക്ക് സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയേയും സഞ്ജു സാംസണിനെയുമാണ് ടീം തിരെഞ്ഞെടുത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ഓപ്പണിംഗ് റോളില്‍ അഭിഷേകിനെ പിന്തുണയ്ക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
നേരത്തെ ഏകദിനക്രിക്കറ്റില്‍ ദേശീയ ടീമിനായി ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. കൂടുതല്‍ പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ സഞ്ജുവിന്റെ ബാറ്റിംഗിന് അനുയോജ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്ന നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയില്‍ ചെറിയ മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.
മൂന്നാം നമ്പറില്‍ സൂര്യകുമാറും നാലാം സ്ഥാനത്ത് തിലക് വര്‍മയുമാകും ടീമിലുണ്ടാകുക. റിങ്കു സിംഗും ഹാര്‍ദ്ദിക് പാണ്ഡ്യയും പിന്നാലെയിറങ്ങും. ഹാര്‍ദ്ദിക്കിനൊപ്പം ഓള്‍ റൗണ്ടറായി രമണ്‍ദീപ് സിംഗും കളിക്കാനാണ് സാധ്യത. അക്‌സര്‍ പട്ടേലാകും ടീമിലെ സ്പിന്‍ ഓള്‍റൗണ്ടര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയിയും ടീമിലുണ്ടാകും. ആവേശ് ഖാനും അര്‍ഷദീപ് സിംഗുമാകും ടീമിലെ പ്രധാനപേസര്‍മാര്‍.