അഭിറാം മനോഹർ|
Last Updated:
വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (10:19 IST)
ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഡിയ്ക്കായി മികച്ച തുടക്കമാണ് ദേവ്ദത്ത് പഠിക്കലും ശ്രീകര്‍ ഭരതും അടങ്ങുന്ന ഓപ്പണിംഗ് സഖ്യം നല്‍കിയത്.ഓപ്പണിംഗില്‍ സെഞ്ചുറി കൂട്ടുക്കെട്ടുമായി മികച്ച തുടക്കം നല്‍കാന്‍ ഇരുവര്‍ക്കുമായി. ദേവ്ദത്ത് പഠിക്കല്‍ 50 റണ്‍സുമായും ശ്രീകര്‍ ഭരത് 52 റണ്‍സുമായും പുറത്തായി. പിന്നാലെയെത്തിയ റിക്കി ഭുയിയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും പിന്നാലെ വിക്കറ്റുകള്‍ വീണത് ഇന്ത്യന്‍ ഡിയ്ക്ക് തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തിന് സമാനമായി ശ്രേയസ് അയ്യര്‍ ഈ മത്സരത്തിലും പൂജ്യത്തിനാണ് പുറത്തായത്.
ടീം സ്‌കോര്‍ 175 റണ്‍സിന് 4 എന്ന നിലയില്‍ ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ ഡിയെ പിന്നീട് മുന്നോട്ട് നയിച്ചത്. ടി20 രീതിയില്‍ കഴിഞ്ഞ മത്സരത്തിന് സമാനമായി ബാറ്റ് വീശിയ സഞ്ജു 95 ബോളിലാണ് സെഞ്ചുറിനേട്ടം സ്വന്തമാക്കിയത്. 11 ഫോറും 3 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.
സെഞ്ചുറിപ്രകടനത്തോടെ കഴിഞ്ഞ മത്സരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജുവിനായി. ദുലീപ് ട്രോഫിയിലെ കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 5 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ഇന്നിങ്ങ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴചവെച്ചിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വലിയ വിമര്‍ശനങ്ങളായിരുന്നു സഞ്ജുവിന് നേരെ ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ് ദുലീപ് ട്രോഫിയിലെ താരത്തിന്റെ സെഞ്ചുറി പ്രകടനം.