അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ജൂലൈ 2024 (18:09 IST)
സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ റണ്‍സെടുക്കാന്‍ ഇന്ത്യ കഷ്ടപ്പെട്ടതോടെ 40 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ 3 വിക്കറ്റുകള്‍ നഷ്ടമായി. 5 ഓവറില്‍ 40 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ നിന്ന ഇന്ത്യയെ റിയാന്‍ പരാഗും സഞ്ജു സാംസണും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുക്കെട്ടാണ് തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
നിര്‍ണായക സമയത്ത് രക്ഷകന്റെ റോള്‍ ഏറ്റെടുത്ത സഞ്ജു വിക്കറ്റ് വീഴാതെ ടീം സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചത്. 39 പന്തില്‍ തന്റെ രണ്ടാം ടി20 അര്‍ധസെഞ്ചുറി തികച്ച സഞ്ജു 45 പന്തില്‍ 58 റണ്‍സ് നേടിയാണ് പുറത്തായത്. 4 സിക്‌സും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. റിയാന്‍ പരാഗ് 24 പന്തില്‍ 22 റണ്‍സുമായി സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ശിവം ദുബെ നടത്തിയ മിന്നല്‍ പ്രകടനമാണ് ടീം സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. ശിവം ദുബെ 12 പന്തില്‍ 26 റണ്‍സുമായി തിളങ്ങി. 2 സിക്‌സും 2 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ദുബെയുടെ പ്രകടനം. സിംബാബ്വെയ്ക്കായി ബ്ലെസിംഗ് മുസറബാനി രണ്ടും ബ്രാണ്ടണ്‍ മവുട്ടാ,റിച്ചാര്‍ ങരാവ,സിക്കനര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി