രേണുക വേണു|
Last Modified ശനി, 26 ഫെബ്രുവരി 2022 (08:32 IST)
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരം ഇന്ന് നടക്കുമ്പോള്‍ എല്ലാം കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലേക്കാണ്. ഒന്നാം ട്വന്റി 20 മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ കളിച്ചെങ്കിലും സഞ്ജുവിന് ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ കളിയിലെ അതേ പ്ലേയിങ് ഇലവനുമായി ഇറങ്ങാന്‍ രോഹിത് ശര്‍മ തീരുമാനിച്ചാല്‍ ഇന്നും സഞ്ജു കളിക്കും. എന്നാല്‍ ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ പരീക്ഷണങ്ങള്‍ തുടരുകയാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ചെയ്തതുപോലെ ചില പരീക്ഷണങ്ങള്‍ക്ക് ഇത്തവണ രോഹിത് തയ്യാറാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
പരുക്കില്‍ നിന്ന് മുക്തനായ ഋതുരാജ് ഗെയ്ക്വാദിന് ഇന്ന് അവസരം കൊടുക്കുമോ എന്നാണ് ചോദ്യം. ഗെയ്ക്വാദും ഇഷാന് കിഷനും ഓപ്പണര്‍മാരായാല്‍ രോഹിത് ശര്‍മ മധ്യനിരയിലേക്ക് ഇറങ്ങി ബാറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ സ്ഥാനം തെറിക്കും. മൂന്നാം ട്വന്റി 20 യിലാകും സഞ്ജു ഇങ്ങനെയൊരു പരീക്ഷണം നടത്തുകയെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.