രേണുക വേണു|
Last Modified ചൊവ്വ, 13 സെപ്റ്റംബര്‍ 2022 (10:16 IST)
Sanju Samson: ട്വന്റി 20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ സഞ്ജു സാംസണ് ആരാധകര്‍ കലിപ്പില്‍. സമീപകാലത്ത് ട്വന്റി 20 യില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ സ്ക്വാഡിലേക്ക് പരിഗണിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. ഏഷ്യാ കപ്പില്‍ അടക്കം മോശം പ്രകടനം നടത്തിയ റിഷഭ് പന്ത് ടീമില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ബിസിസിഐയ്ക്ക് എന്താണ് സഞ്ജുവിനോട് ഇത്ര കലിപ്പെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ നന്നായി കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ട്. ഹാര്‍ഡ് ഹിറ്റര്‍ എന്ന നിലയില്‍ സഞ്ജു ഐപിഎല്ലില്‍ തിളങ്ങിയിട്ടുമുണ്ട്. ഇത്രയൊക്കെ കണ്മുന്പില് ഉണ്ടായിട്ടും സഞ്ജുവിനെ അവഗണിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്യുന്നത്. സഞ്ജു ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ് ഇതിലും ഭേദമെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. സഞ്ജുവിനെ ഉള്‍പ്പെടുത്താതെ പേസിനെ നേരിടാന്‍ ബുദ്ധിമുട്ടുന്ന ശ്രേയസ് അയ്യരെ സ്റ്റാന്‍ഡ്ബൈയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ബിസിസിഐ വ്യക്തമാക്കണമെന്നും ആരാധകര്‍ തുറന്നടിച്ചു.
കണക്കുകളും സഞ്ജുവിനൊപ്പമാണ്. 2022 കളിച്ച ട്വന്റി 20 മത്സരങ്ങളുടെ കണക്കുകള്‍ പരിഗണിച്ചാല്‍ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 150.58 ആണ്. റിഷഭ് പന്തിന്റെ സ്ട്രൈക്ക് റേറ്റ് 127.17 ! ട്വന്റി 20 ക്രിക്കറ്റില്‍ സ്ട്രൈക്ക് റേറ്റ് കുറവുള്ള താരങ്ങളെയാണോ ഇന്ത്യക്ക് വേണ്ടതെന്നും ആരാധകര്‍ ചോദിക്കുന്നു.