അഭിറാം മനോഹർ|
Last Modified ബുധന്‍, 29 ജൂണ്‍ 2022 (12:15 IST)
അയർലൻഡിനെതിരെ ഇന്നലെ നടന്ന രണ്ടാം ടി20യിൽ ഇന്ത്യക്കാരെ ആവേശത്തിലാറാടിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റിങ്ങ് താരങ്ങളായ സഞ്ജു സാംസണും ദീപക് ഹൂഡയും പുറത്തെടുത്തത്. ആരാധാകരെ ആവേശത്തിലാറാടിച്ച് ഇരുതാരങ്ങളും അടിച്ചുതകർത്തപ്പോൾ കൂറ്റൻ സ്കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒപ്പം
ടി20 ക്രിക്കറ്റിലെ ഒരു റെക്കോർഡ് നേട്ടം കൂടി സഞ്ജു സാംസൺ-
ദീപക് ഹൂഡ ജോഡി തങ്ങളുടെ പേരിലാക്കി.
രാജ്യാന്തര ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ഇന്ത്യൻ ജോഡി ഇന്നലെ കുറിച്ചത്. 176 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്ലറും ഡേവിഡ് മലാനും ചേർന്ന് നേടിയ 167 റൺസിൻ്റെ റെക്കോർഡാണ് പഴങ്കതയായത്. അതേസമയം ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുക്കെട്ടാണ് സഞ്ജുവും ഹൂഡയും ചേർന്ന് ഇന്നലെ കുറിച്ചത്.2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിൻ്റെ റെക്കോർഡാണ് വിസ്മൃതിയിലായത്.
മത്സരത്തിൽ 57 പന്തിൽ 9 ഫോറും ആറ് സിക്സറുകളുമായി 104 റൺസ് നേടിയ ദീപക് ഹൂഡയായിരുന്നു കളിയിലെ താരം. ഹൂഡയുടെ കന്നി രാജ്യാന്തര സെഞ്ചുറിയാണിത്.സഞ്ജു 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും ഉള്‍പ്പടെ 77 റണ്‍സെടുത്തു. സഞ്ജുവിന്റെ രാജ്യാന്തര ടി20 കരിയറിലെ ഉയർന്ന സ്കോറാണിത്