രേണുക വേണു|
Last Modified വെള്ളി, 28 ഏപ്രില്‍ 2023 (11:01 IST)
Sanju Samson: സഞ്ജു സാംസണില്‍ ഭാവി ഇന്ത്യന്‍ നായകനെ കാണാമെന്ന് ആരാധകര്‍. മഹേന്ദ്രസിങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 32 റണ്‍സിന് തോല്‍പ്പിച്ചതിനു പിന്നാലെയാണ് രാജസ്ഥാന്‍ നായകനെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്തെത്തിയത്. ലോകം കണ്ട ഏറ്റവും മികച്ച നായകന്റെ ടീമിനെയാണ് സഞ്ജു ഐപിഎല്ലില്‍ തുടര്‍ച്ചയായി നാലാം തവണ തോല്‍പ്പിച്ചിരിക്കുന്നത്.
2021 സീസണിലെ രണ്ടാം പാദം മുതല്‍ ഈ സീസണിലെ രണ്ടാം മത്സരം വരെ തുടര്‍ച്ചയായി നാല് മത്സരങ്ങളിലാണ് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കീഴ്‌പ്പെടുത്തിയത്. ധോണിയുടെ ഏത് തന്ത്രത്തെയും പൊളിച്ചടുക്കാനുള്ള കഴിവ് സഞ്ജുവിന് ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ അടക്കം ധോണിയേക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ട് സഞ്ജുവെന്നാണ് കമന്റുകള്‍. പവര്‍പ്ലേയില്‍ ചെന്നൈയുടെ ഹാര്‍ഡ് ഹിറ്റര്‍മാരായ ഡെവന്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ പിടിച്ചുകെട്ടിയത് സഞ്ജുവിന്റെ ഫീല്‍ഡ് സെറ്റിങ് മികവാണ്. പവര്‍പ്ലേയില്‍ 50 റണ്‍സെടുക്കാന്‍ പോലും ചെന്നൈയ്ക്ക് സാധിച്ചില്ല. പവര്‍പ്ലേയ്ക്ക് പിന്നാലെ സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിച്ച് ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതും സഞ്ജുവിന്റെ തന്ത്രമായിരുന്നു. ഭാവി ഇന്ത്യന്‍ നായകനെ സഞ്ജുവില്‍ കാണുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.