അഭിറാം മനോഹർ|
Last Modified ശനി, 7 മാര്‍ച്ച് 2020 (12:10 IST)
ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ.
ഫൈനൽ മത്സരത്തിൽ സമ്മർദ്ദത്തോടെ കളിക്കരുതെന്നും ധൈര്യമായി പോയി മികച്ച പ്രകടനം കാഴ്ച്ചവെക്കുവെന്നുമാണ് സച്ചിൻ പറയുന്നത്.
സമ്മര്‍ദത്തോടെ കളിക്കരുതെന്ന സന്ദേശം മാത്രമാണ് നല്‍കാനള്ളത്. സമ്മര്‍ദം ഒഴിവാക്കിയാല്‍ എളുപ്പമാകും. പോസിറ്റീവായി മാത്രം സംസാരിക്കുന്ന ഒരു കമ്പനിയിലാണ് നിങ്ങളുള്ളത്. പുറത്തുനടക്കുന്നതിനെ പറ്റി ഒന്നും ചിന്തിക്കരുത്. ധൈര്യമായി മുന്നോട്ട് പോയി മികച്ച പ്രകടനം തന്നെ കാഴ്ച്ചവെക്കാൻ ശ്രമിക്കു-സച്ചിൻ പറഞ്ഞു.
വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങൾ താൻ നിരീക്ഷിക്കാറുണ്ടെന്നും നിരവധി
യുവതാരങ്ങൾക്കാണ് അവർ പ്രചോദനമാകുന്നതെന്നും സച്ചിൻ പറഞ്ഞു.
വനിതാ ടി20 ലോകകപ്പിൽ ഇതാദ്യമായാണ് ഇന്ത്യ ഫൈനൽ മത്സരങ്ങൾ കളിക്കുന്നത്. മാർച്ച് 8ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് എതിരാളികൾ. നാല് തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ള ടീം കൂടിയാണ് അതിഥേയർ. നേരത്തെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടം മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന്ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് നേരിട്ട് ഫൈനല്‍ പ്രവേശനം ലഭിക്കുകയായിരുന്നു.
മഴ മൂലം ഇന്ത്യക്ക് ഫൈനലിലേക്ക് അവസരം കിട്ടിയതിനെതിരെയും വിമർശനങ്ങൾ വന്നിരുന്നു. ടൂർണമെന്റിലെ സുപ്രധാനമായ മത്സരങ്ങൾക്ക് പോലും റിസർവ്വ് ദിനം ഇല്ലാത്തതാണ് ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചത്.ഇംഗ്ലണ്ട് പുരുഷ ടീം നായകന്‍ മൈക്കിള്‍ വോണ്‍ അടക്കമുള്ള പല പ്രമുഖരും മഴ നിയമത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
അതേസമയം ഗ്രൂപ്പ് മത്സരങ്ങളിൽ ആധികാരികമായി തോൽവിയറിയാതെയാണ് ഇന്ത്യയുടെ പെൺപട സെമിയിലെത്തിയത്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളെ ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങളിൽ തോൽപ്പിച്ചിരുന്നു. നിലവിലെ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതുള്ള യുവതാരം ഷഫാലി വര്‍മയുടെ ബാറ്റിങ്ങാണ് ഇന്ത്യൻ കുതിപ്പിന് ഊർജം പകർന്നത്. ഒപ്പം സ്പിന്നർമാരുടെ മികച്ച പ്രകടനവും ഇന്ത്യക്ക് തുണയായി. മറുവശത്ത് ഓള്‍റൗണ്ടര്‍മാരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഓസീസ് ടീം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഫൈനലിലിലെത്തിയത്. മഴ നിയമപ്രകാരം തന്നെയായിരുന്നു ഓസീസ് വിജയവും. രണ്ട് സെമിഫൈനൽ മത്സരങ്ങളിലും മഴ പെയ്തെങ്കിലും ഫൈനൽ മത്സരത്തിൽ മഴഭീഷണിയില്ലെന്നാണ് റിപ്പോർട്ട്.