അഭിറാം മനോഹർ|
Last Modified വെള്ളി, 14 ജനുവരി 2022 (09:30 IST)
ഇന്ത്യ-
ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിലെ വിവാദ ഡിആർഎസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ താരങ്ങൾ. പ്രോട്ടീസ് രണ്ടാം ഇന്നിംഗ്സിലെ ഇരുപത്തിയൊന്നാം ഓവറിൽ ഡീൻ എൽഗാറിനെ ആർ
അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതിന് പിന്നാലെയായിരുന്നു സംഭവം.
ഇന്ത്യൻ അപ്പീലിനെ തുടർന്ന് അംപയർ മറൈസ് ഇറസ്മസ് ഔട്ട് നൽകി. എന്നാൽ എൽഗാർ തീരുമാനം റിവ്യൂ ചെയ്തു. മൂന്നാം അംപയർ നോട്ടൗട്ട് വിളിച്ചു. ഇതിനിടെ റിവ്യൂവിൽ പന്ത് ലൈനിൽ പതിച്ചത് വളരെ വ്യക്തമായിരുന്നു. എന്നാൽ പന്തിന്റെ ഗതി ലെഗ് സ്റ്റമ്പിന് മുകളിലൂടെയാണ് പിന്നീട് കണ്ടത്.
ഇതോടെ സൂപ്പർ സ്പോട്ടിനെ മറിടക്കാൻ മറ്റ് മാർഗം തേടേണ്ടിവരുമെന്ന് അശ്വിൻ പ്രതിഷേധത്തോടെ പറഞ്ഞു. ദക്ഷിണാഫ്രിക്ക പന്തെറിയമ്പോൾ മാത്രം ശ്രദ്ധ മതി എന്നായിരുന്നു കോലിയുടെ പ്രതികരണം. സ്റ്റംപ് മൈക്കിന് അരികിലെത്തിയാണ് കോലി തന്റെ പ്രതിഷേധം അറിയിച്ചത്. അതേസമയം പതിനൊന്ന് പേർക്കെതിരെ ഒരു രാജ്യം മുഴുവൻ കളിക്കുന്നുവെന്ന്
കെഎൽ രാഹുൽ പ്രതികരിച്ചു. മൂന്നാം ദിവസത്തെ ഈ സംഭവത്തെ പറ്റി സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
അതേസമയം മൂന്നാം ദിനം അവസാനിക്കുമ്പോൾ
ഇന്ത്യ ഉയർത്തിയ
212 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്.
രണ്ട് വിക്കറ്റിന് 101 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുക.48 റൺസുമായി കീഗന്‍ പീറ്റേഴ്സൺ ക്രീസിലുണ്ട്. 16 റൺസെടുത്ത എയ്ഡന്‍ മർക്രാമിനെ ഷമിയും 30 റൺസെടുത്ത എൽഗാറിനെ ബുമ്രയും പുറത്താക്കി. എട്ട് വിക്കറ്റ് ശേഷിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 111 റൺസ് കൂടി വേണം.