ഓപ്പണറായെത്തി ഡയമണ്ട് ഡക്ക്, നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി റുതുരാജ് ഗെയ്ക്ക്‌വാദ്

അഭിറാം മനോഹർ| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (11:19 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഒരു പന്ത് പോലും നേരിടാനാകാതെ പുറത്തായതോടെ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദിന് നാണക്കേടിന്റെ റെക്കോര്‍ഡ്. നോണ്‍സ്ട്രൈക്ക് എന്‍ഡിലായിരുന്ന റുതുരാജ് യശ്വസി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തിലാണ് തന്റെ വിക്കറ്റ് നഷ്ടമാക്കിയത്. ഇതോടെ രാജ്യാന്തര ടി20യില്‍ ഡയമണ്ട് ഡക്കാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേട് റുതുരാജിന്റെ പേരിലായി.

ടോപ്പ് ഓര്‍ഡറില്‍ ഇത്തരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് റുതുരാജ് ഗെയ്ക്ക്വാദ്. നേരത്തെ അമിത് മിശ്രയും ജസ്പ്രീത് ബുമ്രയുമാണ് ഇത്തരത്തില്‍ ഡയമണ്ട് ഡക്കായത്. ബുമ്ര ശ്രീലങ്കക്കെതിരെ 2016ല്‍ പൂനെയിലും മിശ്ര 2017ല്‍ ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിലുമാണ് ടി20യി ഡയമണ്ട് ഡക്കായത്.

ഇന്ത്യന്‍ ഇന്നിങ്ങ്‌സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു യശ്വസി ജയ്‌സ്വാളുമായുള്ള ആശയക്കുഴപ്പത്തിനൊടുവില്‍ റുതുരാജ് റണ്ണൗട്ടായത്. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം മത്സരം. ഈ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. അതിനാല്‍ തന്നെ പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് ഈ വരുന്ന ഐപിഎല്‍ ഏറെ നിര്‍ണായകമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :