അഭിറാം മനോഹർ|
Last Modified ഞായര്‍, 2 ഏപ്രില്‍ 2023 (12:33 IST)
ഐപിഎല്ലിലെ ഈ സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. നായകൻ എയ്ഡൻ മാർക്രത്തിൻ്റെ അഭാവത്തിൽ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദ് നായകനാകുക. ബൗളിംഗ് കരുത്തിൽ വിശ്വസിച്ച് ഹൈദരാബാദ് ഇറങ്ങുമ്പോൾ ബാറ്റിംഗിൽ മികച്ച താരങ്ങളുള്ളത് രാജസ്ഥാന് കരുത്താകും. രാഹുൽ ത്രിപാഠി, പുതിയ ബാറ്റിംഗ് സെൻസേഷനായ ഹാരി ബ്രൂക്ക് എന്നിവരിലാണ് ഹൈദരാബാദിൻ്റെ പ്രതീക്ഷകൾ.
അഭിഷേക് ശർമ, മായങ്ക് അഗർവാൾ എന്നിവരാകും ഹൈദരാബാദിനായി ഓപ്പൺ ചെയ്യുക. മൂന്നാമതായി രാഹുൽ ത്രിപാഠിയും പിന്നാലെ ഹാരി ബ്രൂക്കും ഇറങ്ങും. എയ്ഡൻ മാർക്രം കൂടി എത്തുമ്പോൾ സന്തുലിതമായ ബാറ്റിംഗ് നിരയാകും ഹൈദരാബാദിനുണ്ടാകുക. ടി നടരാജൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക് എന്നിവർ അണിനിരക്കുന്ന ബൗളിംഗ് നിര ശക്തമാണ്.
അതേസമയം കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കാനാണ് രാജസ്ഥാൻ ലക്ഷ്യമിടുന്നത്. ഓപ്പണർ ജോസ് ബട്ട്‌ലറുടെ ഫോമാകും രാജസ്ഥാന് നിർണായകമാകുക. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിലുള്ള യശ്വസ്വി ജയ്സ്വാൾ,റിയാൻ പരാഗ് എന്നിവരുടെ പ്രകടനത്തെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണും ഹെറ്റ്മേയറും അടങ്ങുന്ന മധ്യനിരയും രാജസ്ഥാൻ്റെ കരുത്ത് കൂട്ടുന്നു. ബൗളിംഗിൽ ട്രെൻ്റ് ബോൾട്ടിനൊപ്പം അശ്വിൻ,ചഹൽ സ്പിൻ നിരയും രാജസ്ഥാന് കരുത്താകും. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമ ടീമിലെത്തുമെങ്കിലും ഡെത്ത് ഓവറുകളിലെ രാജസ്ഥാൻ്റെ പ്രകടനം എത്തരത്തിലാകുമെൻ കാത്തിരുന്ന് കാണേണ്ടിവരും. കുൽദീപ് സെന്നിനാകും ഈ ഉത്തരവാദിത്വം.