വെല്ലിംഗ്‌ടൺ ടെസ്റ്റിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി റോസ് ടെയ്‌ലർ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (11:27 IST)
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാനിറങ്ങിയതോടെ അപൂർവ്വ റെക്കോർഡ് നേട്ടത്തിനുടമയായി ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ. താരത്തിന്റെ 100മത് ടെസ്റ്റ് മത്സരമാണ് വെല്ലിങ്ങ്ടണിലേത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന തിരുത്താനാവാത്ത റെക്കോഡാണ് താരം തന്റെ പേരിൽ എഴുതിചേർത്തത്.

കിവിസീനായി 231 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരം കഴിഞ്ഞ മാസം ഇന്ത്യക്കെതിരെയാണ് 100ആം മത്സരം കളിച്ചത്. ഇപ്പോളും ഇന്ത്യക്കെതിരെയാണ് ടെയ്‌ലർ ടെസ്റ്റിൽ തന്റെ 100ആം മത്സരം കളിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലൻഡിനായി ഏറ്റവുമധികം റൺസ് കണ്ടെത്തിയ താരമാണ് ടെയ്‌ലർ.

2007ൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ടെസ്റ്റിൽ ടെയ്‌ലറുടെ അരങ്ങേറ്റ മത്സരം. എന്നാൽ ആദ്യ 2 മത്സരങ്ങളിൽ നിന്നും വെറും 44 റൺസ് മാത്രമാണ് അന്ന് ടെയ്‌ലർക്ക് കണ്ടെത്താൻ സാധിച്ചത്. എന്നാൽ ഇന്ന് 35ആം വയസിൽ തന്റെ 100ആം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ 7171 റൺസാണ് ടെയ്‌ലറുടെ പേരിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :