രോഹിത്തിന്റെ പരുക്കില്‍ ആശങ്ക പടരുന്നു; ലോകകപ്പിന് ദിവസങ്ങള്‍ മാത്രം - മുംബൈ മൌനത്തില്‍

 Rohith sharma , team india , IPL , mumbai team , dhoni , ഐ പി എല്‍ , രോഹിത് ശര്‍മ്മ , ധോണി , ലോകകപ്പ്
Last Modified വ്യാഴം, 11 ഏപ്രില്‍ 2019 (12:12 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ടീം മാനേജ്‌മെന്റും ഭയപ്പെട്ടിരുന്ന കാര്യങ്ങളാണോ ഇപ്പോള്‍ സംഭവിക്കുന്നത്. ഏകദിന ലോകകപ്പ് മെയ് മുപ്പതിന് ആരംഭിക്കാനിരിക്കെ ഐപിഎല്‍ മത്സരങ്ങള്‍ താരങ്ങളെ പിടിയിലാക്കുമെന്ന മുന്നറിയിപ്പ് സത്യമായിരിക്കുന്നു.

ഇന്ത്യന്‍ ടീം ഓപ്പണറും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ്മയുടെ പരുക്കാണ് ആശങ്ക പടര്‍ത്തുന്നത്. പരുക്ക് നിസാരമെന്ന് പറയുമ്പോഴും താരവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളൊന്നും മുംബൈ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മുംബൈ ടീം മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കാത്തതിനാല്‍ രോഹിത്തിന്റെ പരുക്കിനേക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ നിന്ന് രോഹിത് വിട്ടു നിന്നിരുന്നു.

പരുക്ക് ഗുരുതരമാണെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മുതല്‍ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ നിന്ന് ഹിറ്റ്‌മാന്‍ വിട്ടു നില്‍ക്കേണ്ടി വരും.

ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന് പരുക്കേറ്റത്. പരുക്ക് അവഗണിച്ച് പരിശീലനം തുടര്‍ന്നെങ്കിലും വേദന ശക്തമായതോടെ രോഹിത് ഗ്രൌണ്ടില്‍ തളര്‍ന്നിരുന്നു. ടീം ഫിസിയോ നിതിന്‍ പട്ടേല്‍ എത്തി പരിശോധന നടത്തുകയും തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

ഇംഗ്ലണ്ടും വെയ്ൽസും ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് 50 ദിവസം മാത്രം അവശേഷിക്കുമ്പോള്‍ ആണ് രോഹിത് പരുക്കിന്റെ പിടിയിലായത്. സൂപ്പര്‍ താരത്തിന്റെ പരുക്ക് ആരാധകരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മേയ് 30 മുതൽ ജൂലൈ 14 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :