രേണുക വേണു|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (10:44 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടെസ്റ്റ് നായകസ്ഥാനം രോഹിത് ഒഴിയണമെന്ന് ഇന്ത്യന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐയും ആലോചിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനിടയിലാണ് തനിക്ക് താല്‍പര്യമില്ലാതെയാണ് രോഹിത് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്തത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
2022 ജനുവരിയിലാണ് രോഹിത് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. വിരാട് കോലിക്ക് പകരക്കാരനായി രോഹിത് മതിയെന്ന് അന്നത്തെ ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കെ.എല്‍.രാഹുലിനെയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും മോശം ഫോമിലുള്ള താരത്തെ നായകനാക്കേണ്ട എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തുകയായിരുന്നു.
ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട സമയത്ത് രോഹിത് അതിനു തയ്യാറായിരുന്നില്ല എന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് രോഹിത് ടെസ്റ്റ് നായകസ്ഥാനം നിരസിച്ചത്. എന്നാല്‍ ഗാംഗുലിയും ജയ് ഷായും നിര്‍ബന്ധിച്ചതോടെ രോഹിത് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു.