അഭിറാം മനോഹർ|
Last Modified ഞായര്‍, 16 മാര്‍ച്ച് 2025 (09:27 IST)
ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലും രോഹിത് ശര്‍മ തന്നെ നായകനാകുമെന്ന് റിപ്പോര്‍ട്ട്.ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും കൈവിട്ട രോഹിത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ രോഹിത്തിന് ബിസിസിഐ ഒരു അവസരം കൂടി നല്‍കുമെന്നാണ് സൂചന.
ലിമിറ്റഡ് ഓവറില്‍ മികച്ച റെക്കോര്‍ഡുള്ള നായകനാണെങ്കിലും സ്വന്തം മണ്ണില്‍ ആദ്യമായി ന്യൂസിലന്‍ഡിന് ടെസ്റ്റ് പരമ്പര അടിയറവ് വെച്ചെന്ന നാണക്കേട് രോഹിത് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാന ടെസ്റ്റില്‍ നിന്നും താരം മാറിനിന്നിരുന്നു. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ടീമിനെ വളര്‍ത്താനായി രോഹിത്തിനെ ടെസ്റ്റ് പ്ലാനില്‍ നിന്നും ഒഴിവാക്കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.